• Breaking News

  അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടോ?; 39 സീറ്റുകൾ ആവശ്യപ്പെട്ട് ബിഡിജെഎസ്

  തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് 39 സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. നിയമസഭാ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

  എന്നാൽ ഇപ്പോഴിതാ, ബിഡിജെഎസിന് 39 സീറ്റുകള്‍ നല്‍കുമോ എന്ന ചോദ്യത്തിന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് മറുപടി നല്‍കുന്നു: ”ബിഡിജെഎസിന്റെ ജനകീയ പിന്തുണയെക്കുറിച്ച് ബിജെപിക്ക് സംശയങ്ങളില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ശതമാനം വര്‍ധിച്ചതില്‍ ബിഡിജെഎസിന് അവരുടേതായ പങ്കുണ്ട്. യാതൊരു സംശയവും അക്കാര്യത്തിലില്ല.”

  അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിഡിജെഎസ് മോശം പ്രകടനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയാണ് തോല്‍വിക്ക് കാരണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. മുന്നണി യോഗം കഴിഞ്ഞാലുടന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മുന്നോട്ട് പോവുമെന്നും അകന്നു നില്‍ക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  കൂടാതെ എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന ചോദ്യത്തിന് പികെ കൃഷ്ണദാസ് നല്‍കിയ മറുപടി ഇങ്ങനെ: ”പാര്‍ട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതില്‍ അബ്ദുള്ളക്കുട്ടിയെ പോലെയുള്ളവര്‍ക്ക് പങ്കുണ്ട്. അവര്‍ വന്നതുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം പേര്‍ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അതിലൂടെ ബിജെപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 1400 സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അതില്‍ 360 പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നു വന്നവരാണ്. ഇതില്‍ 12ല്‍ അധികം മുസ്ലിം സ്ത്രീകളുമുണ്ട്. മറ്റു പാര്‍ട്ടികളിലും നിന്നും വരുന്നവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കി ആദരിക്കുക എന്നത് ബിജെപി നയത്തിന്റെ ഭാഗമാണ്.

  അതിന്റെ ഭാഗമായാണ് പുതിയ ആളുകള്‍ വരുന്ന സമയത്ത് അവരുടെ കഴിവിനനുസരിച്ചുള്ള പദവികള്‍ നല്‍കുന്നത്.” നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ഗ്രൂപ്പുകളുണ്ട് എന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും ഒറ്റക്കെട്ടായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  No comments

  Post top Ad

  Post Bottom Ad

  21.5 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
  +91 88 91 565 197