ബുധനാഴ്ച തുടങ്ങുന്ന ലോകകേരളസഭ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങുന്ന ലോകകേരളസഭ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. സഭ വെറും കാപട്യമാണെന്നും അതിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നു എന്നും ആരോപിച്ചാണ് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത്. ലോകകേരളസഭക്കായി നവീകരിച്ച നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രതിപക്ഷം പങ്കെടുത്തില്ല.
ജനുവരി ഒന്നുമുതല്‍ മൂന്നുവരെയാണ് പ്രവാസികേരളീയരെ ഉള്‍പ്പെടുത്തിയുള്ള ലോകകേരളസഭ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകകേരളസഭയില്‍ പ്രതിപക്ഷം പങ്കെടുത്തിരുന്നു. പിന്നീട് ആന്തൂരിലെ പ്രവാസിസംരംഭകന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് ലോകകേരളസഭയുടെ ഉപാധ്യക്ഷസ്ഥാനം രാജിവച്ചു. തുടര്‍ന്ന് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്പീക്കര്‍. എന്നാല്‍ പ്രവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത കാപട്യമായി ലോകകേരളസഭ മാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ലോകകേരളസഭ സ്ഥിരം സംവിധാനമാക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയിലെ നവീകരിച്ച ശങ്കരനാരായണന്‍ തമ്പി ലോഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോഴും പ്രതിപക്ഷം വിട്ടുനിന്നു. ഇരുപതുകോടിയോളം മുടക്കി ലോഞ്ച് നവീകരിച്ചത് പാഴ്ചെലവാണെന്നാണ് പ്രതിപക്ഷനിലപാട്. പ്രതിപക്ഷത്തോട് ആലോചിക്കാതെ നിയമസഭാസമുച്ചയത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.
No comments
Post a Comment