Header Ads

  • Breaking News

    ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയാലും ഇനി പേടിക്കണ്ട; മെസേജിംങ് ആപ്ലിക്കേഷനുകളുടെ പ്രചാരം കുത്തനെ കൂടുന്നു



    ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്ന ലോകത്തെ രാജ്യങ്ങളില്‍ മുന്‍ നിരയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. ഈവര്‍ഷം മാത്രം ഇതുവരെ 95 തവണയാണ് ഇന്ത്യയില്‍ പലയിടത്തുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുന്നത് തുടര്‍ക്കഥയായതോടെ ചില ഓഫ്‌ലൈന്‍ മെസേജിംങ് ആപ്ലിക്കേഷനുകളുടെ പ്രചാരം കുത്തനെ കൂടുകയാണ്.

    ഇന്റര്‍നെറ്റ് ഇല്ലാതെയും ആശയവിനിമയം സാധ്യമാകുമെന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രധാന പ്രത്യേകത. ഇന്റര്‍നെറ്റ് തടസപ്പെടുന്ന പ്രദേശങ്ങളില്‍ പ്രക്ഷോഭകരുടേയും നാട്ടുകാരുടേയും പ്രധാന ആശ്രയമായി മാറിയിരിക്കുകയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍. ഇവരില്‍ പലരും Bridgefy എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ട്വിറ്ററിലൂടെ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നുമുണ്ട്.

    ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ബ്രിഡ്ജിഫെ ലഭ്യമാണ്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ കോണ്‍ടാക്ട്‌സുമായി യോജിക്കുന്നതിന് മാത്രം ബ്രിഡ്ജിഫെയ്ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. പിന്നീട് 330 അടി അകലത്തില്‍ ഉള്ളവരുമായി വരെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാണ്. മാത്രമല്ല ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാല്‍ കൂടുതല്‍ അകലത്തിലേക്കും ആശയവിനിമയം സാധ്യമാകും.

    ഫോണുകളുടെ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ ബ്രിഡ്ജിഫെ കൈമാറുന്നത്. ഒരാള്‍ അയക്കുന്ന സന്ദേശം സ്വീകരിക്കേണ്ടയാള്‍ 330 അടിയിലും അകലെയാണെങ്കില്‍ ഇതേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള പലരുടേയും ഫോണുകളിലൂടെ മാറി മറിഞ്ഞായിരിക്കും പലപ്പോഴും ലക്ഷ്യത്തിലെത്തുക. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളാണ് ഇതിന് സഹായിക്കുക.

    ഫോണുകളെ പാലങ്ങളെ പോലെ കൂട്ടിയോജിപ്പിച്ചാണ് ഈ ആപ്ലിക്കേഷന്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. കൂടുതല്‍ പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കൂടുതല്‍ ദൂരത്തേക്ക് സന്ദേശം അയക്കാനും സ്വീകരിക്കാനും സാധിക്കും.

    ഒരിക്കല്‍ ആപ്ലിക്കേഷനുമായി കോണ്‍ടാക്ട്‌സ് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവരെ കാണാനാകും. ഈ ആപ്ലിക്കേഷന്‍ വഴി ലൊക്കേഷന്‍ അയച്ചുകൊടുക്കാനും സാധിക്കും. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരാണെങ്കില്‍പോലും അടുത്തുള്ള ആള്‍ക്കൂട്ടവുമായി ഈ ആപ്ലിക്കേഷനിലെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് ഓപ്ഷന്‍ വഴി സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad