Header Ads

  • Breaking News

    പൗരത്വ നിയമം: മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്



    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ബിജെപിയും പങ്കെടുക്കും.

    എന്നാൽ, എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് അറിവ്. ഇവയുടെ തീവ്ര നിലപാടുകളാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നാണ് അറിവ്. സംസ്ഥാനത്ത് ഹർത്താൽ വരെ നടത്തി സമരത്തിന് മുന്നിൽ നിൽക്കുന്നവരാണ് എസ്‌ഡിപിഐയും വെൽഫെയർ പാർട്ടിയും. 

    അതേസമയം, ബിജെപിയെ ക്ഷണിച്ചിട്ടുണ്ട്. സർവകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തിൽ പങ്കെടുക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. എൻഎസ്എസിനെ സർക്കാർ ക്ഷണിച്ചെങ്കിലും വിട്ടുനിൽക്കാനാണ് തീരുമാനം. തങ്ങൾ ഉയർത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് എൻഎസ്എസ് തീരുമാനം. 

    ഇന്ന് ചേരുന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ശക്തമായ സമര പരിപാടികളും ചർച്ചയാകും. ഭരണ ഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തുടർ സംയുക്ത പ്രതിഷേധങ്ങളിൽ കോണ്‍ഗ്രസ് ഒപ്പം നിൽക്കാനുള്ള സാധ്യത കുറവാണ്.

    No comments

    Post Top Ad

    Post Bottom Ad