Header Ads

  • Breaking News

    പ്രതിസന്ധിയിലും പെൻഷൻ മുടക്കില്ല ; ക്രിസ്‌മസിനുമുമ്പ്‌ വിതരണം ആരംഭിക്കും


    സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ക്രിസ്‌തുമസിന്‌   സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തും . ഗുണഭോക്താക്കൾക്ക്‌ നാലുമാസത്തെ പെൻഷൻ കിട്ടാനുണ്ട്‌. ഇത്‌ ക്രിസ്‌മസിനുമുമ്പ്‌  വിതരണം ചെയ്യാനാണ്‌ ധനവകുപ്പിന്റെ ശ്രമം. 20മുതൽ വിതരണം തുടങ്ങും.  1000 കോടി  രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്‌.
    കേരളത്തിൽ 46.9 ലക്ഷം പേർക്ക് സംസ്ഥാന സർക്കാർ വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകുന്നു. ക്ഷേമനിധി അംഗങ്ങളായ 6.5 ലക്ഷം പേർക്കും സർക്കാർ പെൻഷൻ ലഭിക്കുന്നു. പ്രതിമാസം 1200 രൂപ വീതം 53.4 ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകുന്നത്‌.
    മുമ്പില്ലാത്തവിധം സാമ്പത്തികപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ക്ഷേമാനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്നാണ്‌ സർക്കാർ തീരുമാനം. ചരക്കുസേവന നികുതിയുടെ തളർച്ചയും കടമെടുപ്പ്‌ അവസരം മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതുമാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. നാലുമാസത്തെ ജിഎസ്‌ടി നഷ്ടപരിഹാരമായി 2600 കോടി  രൂപയാണ്‌ കുടിശ്ശികയായി കിട്ടാനുള്ളത്‌. ജിഎസ്‌ടിയിൽ 30 ശതമാനം നികുതിവളർച്ച  ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. എന്നാൽ 14 ശതമാനം മാത്രമാണ്‌ വളർച്ചനിരക്ക്‌. നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി അനന്തമായി നീട്ടീ, സംസ്ഥാനങ്ങൾക്ക്‌ നികുതി വെട്ടിപ്പിനെതിരെ നടപടി എടുക്കാനുള്ള അവസരം നിഷേധിക്കുന്നു. വാഹന, സ്ഥാപനപരിശോധന സാധ്യമല്ലാത്ത സാഹചര്യത്തിൽ റിട്ടേൺ പരിശോധനയിലൂടെമാത്രമേ നികുതി വെട്ടിപ്പ്‌ തടയാനാകൂ.
    സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ 4800 കോടി രൂപ കടമായി ലഭ്യമാകുമെന്നായിരുന്നു കണക്കുകൂട്ടൽ.  കേന്ദ്ര സർക്കാർ ഇതിന്‌ അനുമതി തരില്ലെന്നാണ്‌ സൂചന. ഡിസംബറിൽ 6500 മുതൽ 7000 കോടി രൂപവരെ വേണ്ടിവരും. നിലവിൽ തദ്ദേശസ്ഥാപന ബില്ലുകളിൽ 250 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്‌. വർഷാന്ത്യത്തിൽ പൊതുമരാമത്ത് ബില്ലുകളിൽ 1000 കോടിയിലേറെ രൂപ നൽകേണ്ടിവരും. പ്രതിമാസം ശമ്പളം, പെൻഷൻ ബാധ്യത 3700 കോടി രൂപയാണ്‌. ഈ സാഹചര്യത്തിൽ വികസന പദ്ധതിയിൽ തുടക്കമിട്ടിട്ടില്ലാത്തവ തൽക്കാലത്തേക്ക്‌ നീട്ടിവയ്‌ക്കാനാണ്‌ സാധ്യത.

    No comments

    Post Top Ad

    Post Bottom Ad