വാളയാര്‍ കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : വാളയാര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ചുമതല സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായത് മുതലുള്ള സംഭവങ്ങള്‍ അറിഞ്ഞിട്ടും കേസന്വേഷണ സമയത്തും വിചാരണ ഘട്ടത്തിലും അതിന്റെ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തില്‍ ഉദാസീന നിലപാടും തെളിവുകള്‍ക്ക് നേരെയുള്ള അവഗണനയുമാണുണ്ടായത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം യശ്വത് ജയിന്‍ സന്ദര്‍ശിക്കും. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്നലെ തിരുവനന്തപുരത്തായതിനാല്‍ കമ്മീഷന്‍ നിശ്ചയിച്ചിരുന്ന വാളയാര്‍ സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെയും,അച്ഛനെയും കണ്ട് കമ്മീഷന്‍ വിവരങ്ങള്‍ അന്വേഷിക്കും. ഇന്നലെ കമ്മീഷന്‍ പാലക്കാട് എത്തിയിരുന്നെങ്കിലും കലക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപിയുടെ 100 മണിക്കൂര്‍ ധര്‍ണ്ണ സമരം തുടരുകയാണ്.
ഇന്ന് പഞ്ചായത്തുകള്‍ തോറും ബിജെപി പ്രതിഷേധ ചിത്രരചന സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ബാലാവകാശകമ്മീഷന്‍ സന്ദര്‍ശിക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്.
www.ezhomelive.com

No comments
Post a Comment