Header Ads

  • Breaking News

    ശബരിമലയില്‍ നിരോധനാജ്ഞയില്ല ; യുവതീപ്രവേശം വേണ്ടെന്ന് സിപിഎം ; മാന്തി പുണ്ണാക്കാന്‍ വന്നാല്‍ സമ്മതിക്കില്ലെന്ന് ബാലന്‍



    മണ്ഡല കാലപൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കാനിരിക്കെ, ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് കളക്ടര്‍. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് വ്യക്തമാക്കി. യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.
    ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

    രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. വിശ്വാസികളായ ഹിന്ദു യുവതികളാരും ശബരിമല ദര്‍ശനത്തിന് എത്തില്ലെന്ന് മന്ത്രി എംഎം മണിയും സൂചിപ്പിച്ചിരുന്നു.
    അതേസമയം ശബരിമലയില്‍ യുവതീപ്രവേശനം ഇത്തവണ വേണ്ടെന്നാണ് സിപിഎം നിലപാട്. സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുന്നതുവരെ മറ്റ് നടപടികളൊന്നും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. ദര്‍ശനം നടത്തണമെന്ന് നിര്‍ബന്ധമുള്ള യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും സിപിഎം നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
    വിധിയില്‍ അഞ്ചംഗ ബെഞ്ചിന് വ്യക്തതയില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. ശബരിമലയില്‍ ഇപ്പോഴുള്ള പോലെ തുടരും. മാന്തി പുണ്ണാക്കാന്‍ ആരെങ്കിലും വന്നാല്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad