ഉപതെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ ഇത്തവണ കോൺഗ്രസിൽ സമിതിയില്ല
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പഠിക്കാൻ കോൺഗ്രസിൽ ഇത്തവണ പ്രത്യേക സമിതിയില്ല. പരാജയത്തിന് കാരണം നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയും സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയെന്നും രാഷ്ട്രീയ കാര്യ സമിതിയിൽ വിമർശനം ഉയര്‍ന്നു. കൊച്ചി മേയറെ മാറ്റണമെന്ന് ബെന്നി ബഹനാൻ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ അന്തിമ തീരുമാനത്തിന് കെ.പി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തി. തീരുമാനം ഇന്നുണ്ടായേക്കും.
വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്ന് തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ യോഗത്തിൽ ഭൂരിഭാഗം നേതാക്കളും വിമർശിച്ചു. പാലായിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തതിന്റെ ഫലമെന്നായിരുന്നു എം എം ഹസന്റെ വിമർശനം. ബൂത്ത് പ്രസിഡന്റല്ല, കെ പി സി സി നേതൃത്വമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കേണ്ടതെന്നായിരുന്നു യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി ബഹനാൻ തുറന്നടിച്ചത്. വട്ടിയൂർക്കാവിൽ ഏകോപനം എന്ന കാര്യമേ ഉണ്ടായിരുന്നില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. കോന്നിയിൽ സ്ഥാനാർഥി നിർണയം പാളിയെന്നും വിമർശനം ഉയർന്നു.
പരാജയങ്ങൾ പഠിക്കാൻ സമിതികളെ വയ്ക്കണമെന്നും ആവശ്യമുയർന്നെങ്കിലും കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നതിനാൽ പ്രത്യേക സമിതി വേണ്ടെന്ന് ധാരണയെത്തി. കൊച്ചി മേയറെ മാറ്റുന്ന കാര്യവും സമിതിയിൽ ഗൗരവമായി ചർച്ച ചെയ്തു. മേയറെയും ഭരണ സമിതിയംഗങ്ങളെയും മാറ്റി നഗരസഭയിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും അല്ലാത്തപക്ഷം കാര്യങ്ങൾ സങ്കീർണമാകുമെന്നും ബെന്നി ബഹ്നാൻ നിലപാടെടുത്തു. ഈ അഭിപ്രായത്തോട് വി ഡി സതീശനും യോജിച്ചു. ഇതിൽ അന്തിമ തീരുമാനം കെ.പി.സി.സി പ്രസിഡന്റിന് വിട്ടു. സൗമിനി ജെയ്റുമായി മുല്ലപ്പള്ളി ഇന്ന് വീണ്ടും ചർച്ച നടത്തിയേക്കും.
www.ezhomelive.com

No comments
Post a Comment