Header Ads

  • Breaking News

    പള്ളിക്കുന്നിലെ കവര്‍ച്ച: മുഖ്യപ്രതി കോകില അറസ്റ്റില്‍



    കണ്ണൂർ:

    പള്ളിക്കുന്ന് മുകാംബിക റോഡിൽ വിൻഷെയറിൽ ദമ്പതികളെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കൊള്ളയടിച്ച കേസിൽ  മുഖ്യ പ്രതി വീട്ടുവേലക്കാരി അറസ്റ്റിൽ. തമിഴ്‌നാട്‌ സേലം സ്വദേശി കോകിലയെ (35)യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് കർണാടക ബോർഡറിൽ സത്യമംഗലം കാടിനടുത്തുള്ള തിരുട്ടുഗ്രാമത്തിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. 2018 സെപ്തംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.   
    മോഷണത്തിലെ മുഖ്യസൂത്രധാരനായ തമിഴ്‌നാട് സ്വദേശി കെവിനെ കഴിഞ്ഞമാസം അറസ്റ്റ്‌ ചെയ്തിരുന്നു. ഇരുവരും ചേർന്ന്  ദമ്പതികളെ വീട്ടിനകത്ത് കെട്ടിയിട്ട് 30 പവനും 30,000 രൂപയും കവർന്ന് രക്ഷപ്പെടുകയായിരുന്നു.  കഴിഞ്ഞ ഒരാഴ്‌ചയായി തമിഴ്‌നാട്ടിലെ ഈറോഡ്, കോവി ചെട്ടിപ്പാളയം, സത്യമംഗലം സ്റ്റേഷൻ പരിധിയിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയുടെ ഒളിത്താവളം   കണ്ടെത്തിയത്. 
    കോകില ആദ്യം താമസിച്ച വീട് വാങ്ങാനെന്ന വ്യാജേന റിയൽഎസ്റ്റേറ്റ് ഏജന്റായി പൊലീസ് പ്രതിയെ സമീപിച്ചെങ്കിലും ഇടനിലക്കാർ മാത്രമെ വിൽപന നടത്തുകയുള്ളൂ എന്നറിയിച്ചതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് മൂന്ന് ഗ്രാമത്തിലെ സംശയമുള്ള നൂറോളം വീടുകളിൽ തമിഴ്‌നാട് എൻ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ബൂത്ത് ലെവൽ ഓഫീസറായി ചമഞ്ഞ് കണ്ണൂർ പൊലീസ് കണക്കെടുക്കുകയായിരുന്നു. അതിലെ 10 വീടുകളിൽ നടത്തിയ പരിശോധനയിലാണ് വാടക വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. 
    കേസിൽ നേരത്തെ അറസ്റ്റിലായ കെവിൻ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയതടക്കം നിരവധികേസുകളിൽ പ്രതിയാണ്. കണ്ണൂർ എഎസ്‌പി  ഡി ശിൽപയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ്‌ പ്രതിയെ പിടികൂടിയത്. സി ഐ  പ്രദീപൻ കണ്ണിപ്പൊയിൽ,  എസ്ഐ  ബി എസ് ബാവിഷ്, സിപിഒമാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, സുജിത്ത്, വിജേഷ്, വിജിനേഷ്, വനിതാ സിവിൽ ഓഫിസർ പുഷ്പവല്ലി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad