മരട് കേസ്; ആൽഫാ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി
കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മിച്ച കേസിൽ ആൽഫാ വെഞ്ചേഴ്സ് ഉടമ ജെ പോൾ രാജ് കീഴടങ്ങി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആണ് കീഴടങ്ങിയത്. ജില്ലാ സെഷൻസ് കോടതി ജെ പോൾ രാജിന്റെ മുൻകൂർ ജാമ്യം ഇന്നലെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെത്തിയുള്ള കീഴടങ്ങൽ. ഇയാളെ നവംബർ അഞ്ച് വരെ കോടതി റിമാൻഡ് ചെയ്തു. ജെ പോളിന്റെയും മരട് കേസ്സിലെ മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയും നവംബർ 8 ന് പരിഗണിക്കും.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജാരാകാൻ നിർദ്ദേശിച്ചതിന് പിറകെയായിരുന്നു പോൾ രാജ്
മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതി പോൾ രാജിന് നൽകിയ നിർദേശം. കേസിൽ മറ്റൊരു ഫ്ലാറ്റ് നിർമ്മാണ കമ്പനിയായ ഹോളി ഫെയ്തിന്റെ ഉടമ സാനി ഫ്രാൻസിസിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
നിലവിൽ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആണ് സാനി ഫ്രാൻസിസ് ഉള്ളത്. ഇതോടെ മരടിലെ നാല് അനധികൃത ഫ്ലാറ്റുകളിൽ രണ്ട് ഫ്ലാറ്റുകളുടെ ഉടമകളും പൊലീസിന്റെ കസ്റ്റഡിയിലായി.ഫ്ലാറ്റ് കേസിൽ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ,ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് കേസിൽ ഇതു വരെ അറസ്റ്റിലായിട്ടുള്ളത്.
www.ezhomelive.com
No comments
Post a Comment