Header Ads

  • Breaking News

    ജില്ലയിലെ ചെങ്കല്‍പ്പണ ഉടമകള്‍ അനിശ്ചിതകാലസമരം തുടങ്ങി



    ശ്രീകണ്ഠപുരം : 
    ചെങ്കല്‍-ക്വാറി വ്യവസായ അസോസിയേഷന്‍ അനിശ്ചിതകാലസമരം തുടങ്ങിയതോടെ ജില്ലയിലെ ചെങ്കല്‍മേഖല പ്രതിസന്ധിയിലായി. തിങ്കളാഴ്ച മുതലാണ് ചെങ്കല്‍ വ്യവസായ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ അനിശ്ചിതകാലസമരം തുടങ്ങിയത്. പ്രളയത്തിനുശേഷം നിശ്ചലമായ ചെങ്കല്‍ വ്യവസായവും അനുബന്ധമേഖലകളും വീണ്ടും സജീവമാക്കുന്നതിനിടയിലാണ് സമരം.

    ജിയോളജി ലൈസന്‍സ് അനുവദിക്കുക, കളക്ടര്‍ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച്‌ ഭീമമായ തുക പിഴയീടാക്കുന്നത് ഒഴിവാക്കുക, പണകളുടെ ഭൂനികുതി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉടമകളുടെ സമരം.

    ചെങ്കല്‍വ്യവസായം പ്രതിസന്ധിയിലാകുമ്ബോള്‍ വറുതിയുടെ ദിനങ്ങളാണ് ഇതിനെ ആശ്രയിച്ചുകഴിയുന്നവര്‍ക്കുണ്ടാവുന്നത്. ജില്ലയില്‍ അറുനൂറിലധികം ചെങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒട്ടുമിക്കതും പ്രളയത്തിനുശേഷം പ്രവര്‍ത്തിച്ചിരുന്നില്ല. ഓണത്തിനുശേഷം വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നവര്‍. സമരം തുടങ്ങിയതോടെ മറുനാടന്‍ തൊഴിലാളികളടക്കമുള്ളവര്‍ക്ക് പണിയില്ലാത്ത സ്ഥിതിയാണ്.

    കല്യാട്, ഊരത്തൂര്‍, ബ്ലാത്തൂര്‍, മലപ്പട്ടം, കൊളത്തൂര്‍, ചെങ്ങളായി, ചേപ്പറമ്ബ്, എടക്കളം, ചുണ്ടക്കുന്ന്, കാക്കണ്ണന്‍പാറ, ഏറ്റുപാറ തുടങ്ങിയ ജില്ലയിലെ പ്രധാന ചെങ്കല്‍മേഖലകളെയെല്ലാം സമരം ബാധിച്ചു. ഇവിടത്തെ ഹോട്ടലുകളും മറ്റും അടച്ചിട്ടനിലയിലാണ്. സമരം തുടര്‍ന്നാല്‍ രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് ഇവര്‍ നീങ്ങും.

    വായ്പയെടുത്ത് ലോറി വാങ്ങിയവരെയും തൊഴിലാളികളെ താമസിപ്പിക്കാനായി വന്‍തുക ചെലവാക്കി വാടകക്കെട്ടിടങ്ങള്‍ പണിതവരെയും നിലവിലെ സ്ഥിതി പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയ്ക്കു പുറമെ, കോഴിക്കോട് മേഖലയിലേക്കാണ് നിരവധി കല്ലുകള്‍ ഇവിടെനിന്ന് പോയിരുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രണ്ട് ജില്ലകളിലെ നിര്‍മാണമേഖലയും തകിടംമറിയും. ജിയോളജിവകുപ്പില്‍ നിന്നടക്കമുള്ള അനാവശ്യനിയന്ത്രണങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉടമകളുടെ ആരോപണം.

    No comments

    Post Top Ad

    Post Bottom Ad