Header Ads

  • Breaking News

    കണ്ണൂരിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്തു;യുവാവിനു മർദനം



    കണ്ണൂർ:
    കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി.രണ്ടു മണിക്കൂറിനുശേഷം ജീപ്പ് നിർത്തിയപ്പോൾ ഇറങ്ങിയോടിയ യുവാവ് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. പാമ്പുരുത്തി സ്വദേശിയും മാട്ടൂൽ ബസ് സ്റ്റാൻഡിനു സമീപം താമസക്കാരനുമായ കെ.പി.ജുനൈദിനാണ് (38)മർദനമേറ്റത്. കഞ്ചാവ് വിൽപന സംബന്ധിച്ച് വിവരം നൽകിയതാണു പ്രകോപനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ എട്ടിനാണു സംഭവം. വീട്ടിൽ നിന്നു ഇറങ്ങിയ ഉടൻ ജീപ്പിൽ എത്തിയ രണ്ടുപേർ കഴുത്തിൽ കത്തിവച്ച് ജുനൈദിനെ ബലമായി ജീപ്പിൽ കയറ്റുകയായിരുന്നു. ഡോർ അടച്ചു പൂട്ടിയതിനാൽ ജീപ്പിൽ നിന്നു പുറത്തിറങ്ങാനായില്ല. രണ്ടു മണിക്കൂറോളം ജീപ്പിൽ കറങ്ങിയ സംഘംജുനൈദിന്റെ മുഖത്തും കഴുത്തിനും മർ‌ദിക്കുകയും ചവിട്ടുകയും ചെയ്തു. അവശനായ ജുനൈദിനെ കൊല്ലുമെന്നു പറഞ്ഞു മർദനം തുടർന്നു. പുതിയതെരു ജംക്‌ഷനിലെത്തിയപ്പോൾ ജീപ്പിൽ നിന്നിറക്കി കെട്ടിടത്തിനടുത്തേക്കു കൊണ്ടുപോകുന്നതിനിടെ ഓടിരക്ഷപ്പെട്ട ജുനൈദ് വളപട്ടണം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്നു ജുനൈദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗ് പ്രവർത്തകനായ ജുനൈദ് അടുത്ത ആഴ്ച ദുബായിയിൽ ജോലിക്ക് പോകാനിരിക്കെയാണ് ആക്രമണം. ജീപ്പിൽ വാൾ ഉൾപ്പെടെ ആയുധങ്ങൾ ഉണ്ടായതായും രണ്ട് ദിവസം മുൻപ് കൊല്ലുമെന്നു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്നും ജുനൈദ് പറഞ്ഞു.
    ജുനൈദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയതെരു സ്വദേശി ഷമിം എന്ന ചാണ്ടി, നൗഫൽ അരിമ്പ്ര എന്നിവർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ഇവർ കഞ്ചാവ് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട വിവരം ജുനൈദ് പൊലീസിനു നൽകിയിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad