Header Ads

  • Breaking News

    കുറഞ്ഞ ചെലവില്‍ കണ്ണൂരില്‍ നിന്ന് ഗോ എയറില്‍ പറക്കാം...


    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത വര്‍ഷം ആദ്യം മുതല്‍ ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് ഗോ എയര്‍. ജനുവരി 14 മുതല്‍ ജൂലൈ 31 വരെയാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ തുകയില്‍ ഗോ എയര്‍ വിമാനയാത്ര സാധ്യമാക്കുന്നത്. ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 8 വരെ ഗോ എയര്‍ വെബ്സൈറ്റ് വഴിയോ ഏജന്‍സികള്‍ മുഖാന്തരമോ ബുക്ക് ചെയ്യാം.

    യാത്ര 2020ല്‍ ആയതിനാല്‍ നിരക്കുകളെല്ലാം 20ലാണ് അവസാനിക്കുന്നത്. കണ്ണൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് 1520 രൂപയാണ് നിരക്ക്. 1920 രൂപയ്ക്കു ചെന്നൈയിലേക്കും 2320 രൂപയ്ക്ക് ഹൈദരാബാദിലേക്കും 2520 രൂപയ്ക്ക്  മുംബൈയിലേക്കും പറക്കാം. അഹമ്മദാബാദ്, ബഗ്ദോഗ്ര, ബംഗലൂരു, ഭുവനേശ്വര്‍, ഛണ്ഢീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെ, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പറ്റ്ന, പോര്‍ട്ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളില്‍ ഗോ എയറിന് സര്‍വീസുണ്ട്.

    ഫുക്കെ, ബാങ്കോക്ക്, മസ്‌ക്കറ്റ്, ദുബൈ, അബുദാബി, മാലി എന്നീ വിദേശ സര്‍വീസുകളും ഉണ്ട്. രണ്ടിടങ്ങളില്‍ കൂടി ഉടന്‍ ആരംഭിക്കും. ടിക്കറ്റുകള്‍ എത്രയും നേരത്തെ ബുക്ക് ചെയ്യുക എന്നതാണ് ഗോ എയര്‍ യാത്രക്കാരോട് മുന്നോട്ടു വെക്കുന്ന നിര്‍ദേശം. കാരണം വിമാന ടിക്കറ്റുകള്‍ക്ക് ഇന്നത്തെ നിരക്കായിരിക്കില്ല നാളെ. ടൂറുകളും വിവിധ യാത്രകളും ഉള്‍പ്പെടെ വളരെ നേരത്തെ പ്ലാന്‍ ചെയ്താല്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ കരസ്ഥമാക്കാം.

    മാസങ്ങള്‍ക്കു മുന്‍പെ അവധി യാത്രകള്‍ ആസൂത്രണം ചെയ്യുക എന്നതിലേക്ക് ഇന്ത്യക്കാരും മാറി വരുകയാണെന്ന് ഗോ എയര്‍ മാനെജിങ് ഡയറക്ടര്‍ ജെ. വാദിയ പറഞ്ഞു. മുക്കാല്‍ കൊല്ലം നേരത്തെ വരെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുണ്ട്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഗോ എയര്‍ വളരെ നേരത്തെ ഓഫറുകളോടെ ടിക്കറ്റ് ബുക്കിങ്ങിന് അവസരം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    Post Bottom Ad