Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് യാത്രക്കാരെ വലച്ചു


    മട്ടന്നൂർ:
    കണ്ണൂർ വിമാനത്താവളത്തിൽ തുടര്‍ച്ചയായി മൂന്നാം ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വൈകിയതു യാത്രക്കാരെ വലച്ചു. കണ്ണൂരില്‍ നിന്നുള്ള ബഹ്റൈന്‍, ഷാര്‍ജ, മസ്കത്ത് സര്‍വീസുകളും റിയാദ്, ഷാര്‍ജ, ബഹ്റൈന്‍‌ എന്നിവിടങ്ങളില്‍ നിന്നു കണ്ണൂരിലേക്കുള്ള സര്‍വീസുകളുമാണു വൈകിയത്. രണ്ടു ദിവസമായി വിമാനങ്ങൾ മുൻകൂട്ടി റീഷെ‍ഡ്യൂൾ ചെയ്തു സമയം മാറ്റുന്നുണ്ടെങ്കിലും അക്കാര്യം പലരെയും അറിയിക്കുന്നില്ലെന്നാണു യാത്രക്കാരുടെ ആരോപണം. ഇതു മൂലം യാത്രക്കാരും കൂടെ വരുന്നവരും കൂട്ടാനെത്തിയവരും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു.

    ഇന്നലെ രാവിലെ 9.30നു ഷാര്‍ജയിലേക്കുള്ള സര്‍വീസിനു ചെക്ക്-ഇന്‍ ആരംഭിച്ചത് ഉച്ചയ്ക്ക് 1 മണിക്കാണെന്നു യാത്രക്കാര്‍ പറഞ്ഞു. 9 മണിക്കൂര്‍ വൈകി 6.30നാണു വിമാനം പുറപ്പെട്ടത്. വെളുപ്പിന് 5.30 മുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കു സമയത്തിനു ഭക്ഷണം പോലും നൽകിയില്ലെന്നും ആരോപണമുണ്ട്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നു വൈകിട്ടു നാലരയോടെയാണു വിമാനക്കമ്പനി ഭക്ഷണം വിതരണം ചെയ്തത്.

    രാവിലെ 7.10നു റിയാദില്‍ നിന്ന് എത്തേണ്ട വിമാനം എത്തിയത് ഉച്ചയ്ക്ക് 12.10ന്. രാത്രി 8.10നു ബഹ്റൈനില്‍ നിന്നുള്ള സര്‍വീസ് രണ്ടു മണിക്കൂർ വൈകിയാണെത്തിയത്. വൈകിട്ട് 6.45നു മസ്കത്തിലേക്ക് പോകേണ്ട വിമാനം പുറപ്പെടാൻ രാത്രി 10.50 ആയി. സാങ്കേതിക തകരാർ മൂലം ശനിയാഴ്ച 2 സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്നാണ് അടുത്ത ദിവസങ്ങളിലും സര്‍വീസ് വൈകിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad