രാജ്യത്തെ ആദ്യ മുടി മാലിന്യവിമുക്ത ജില്ലയാകാൻ കണ്ണൂർ.
കണ്ണൂർ:
പ്രതിവർഷം 32 ടൺ മുടി മാലിന്യമാണ് നമ്മുടെ ജില്ലയിൽ ഉണ്ടാകുന്നത്.
രണ്ടായിരത്തിനടുത്ത് ബാർബർഷോപ്പുകളും 800 ലധികം ബ്യൂട്ടീഷ്യൻ കേന്ദ്രങ്ങളിൽ നിന്നുമാണ് ഇത്രയും മാലിന്യം ഉണ്ടാകുന്നത്. ഇത് മുഴുവനും നമ്മുടെ പുഴകളിലും വഴിയോരങ്ങളിലുമായി നിക്ഷേപിക്കുകയോ കത്തിക്കുകയോ ആണ് ഇപ്പോൾ ചെയ്യുന്നത്.
ഇത് ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് കണ്ണൂരിൽ ഒരു മാതൃകാ പദ്ധതി വിഭാവന ചെയ്തത്.
ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡു് എന്നീ ഏജൻസികൾ മുൻകൈയെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് മാതൃക പദ്ധതി നടപ്പിലാക്കുന്നത്.
മുടി മാലിന്യം സംസ്കരിച്ച് അമിനോ ആസിഡു് ആക്കി മാറ്റുന്നതാണു് പദ്ധതി.ഇതിനായി സ്വകാര്യ സംരംഭകർ പണം മുടക്കും. 6 മാസത്തിനുള്ളിൽ പ്ലാന്റിൽ ഉൽപാദനം ആരംഭിക്കും.
അതിനാവശ്യമായ മുടി ശേഖരണം ഉടനടി തുടങ്ങും.പ്രതിവർഷം 360 ടൺ മുടിയെങ്കിലും പ്ലാന്റിനു വേണം.സംസ്ഥാനത്തുണ്ടാകുന്ന മുഴുവൻ മുടി മാലിന്യവും ഇവിടെ സംസ്കരിക്കാൻ കഴിയും. രാസപ്രക്രീയ വഴി സംസ്കരിക്കുന്നതിനാൽ മലിനീകരണ പ്രശ്നവുമുണ്ടാകില്ല.
ബാർബർഷോപ്പുകൾക്കും ബ്യൂട്ടീഷ്യൻ കേന്ദ്രങ്ങൾക്കും ലൈസൻസു് നൽകുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇനി മുതൽ നിർബന്ധമാക്കും.ഇതിനായി കണ്ണൂരിൽ ആരംഭിക്കുന്ന പ്ലാന്റിലേക്ക് മുടി നൽകുന്നുവെന്ന സാക്ഷ്യപത്രം ഹാജരാക്കണം.പ്രത്യേകം സജ്ജമാക്കിയ വണ്ടിയിലാണ് മുടി ശേഖരിക്കുക.
വണ്ടി GPS നിരീക്ഷണത്തിലായിരി
ക്കും. ബാർകോഡു് പതിച്ച ബാഗിൽ നിക്ഷേപിക്കുന്ന മുടി മാസത്തിൽ ഒരു തവണ വീതം ശേഖരിക്കും. അനധികൃത മുടി ശേഖരണവും സൂക്ഷിക്കലും കർശനമായി തടയും.
എല്ലാ സ്ഥാപനങ്ങളും ഈ മാതൃകാപദ്ധതിയുമായി സഹകരിക്കണം. കോഴി മാലിന്യം സംസ്കരിക്കാൻ സംസ്ഥാനത്ത് ആദ്യമായി സംവിധാനമൊരുക്കി മാതൃക കാട്ടിയ കണ്ണൂർ ജില്ല വീണ്ടും ഒരു മാതൃകയാവുകയാണ്.


No comments
Post a Comment