Header Ads

  • Breaking News

    തളിപ്പറമ്പ നഗരത്തിൽ പാർക്കിങ്ങ് ഫീസ് ഈടാക്കാൻ തീരുമാനം


    തളിപ്പറമ്പ്: 
    തളിപ്പറമ്പ് നഗരത്തിൽ പാർക്കിംഗിന് ഫീസ് ഏർപ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റി സർവ്വകക്ഷി യോഗം തീരുമാനിച്ചു. നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. രണ്ടാഴ്ചത്തെ പ്രാഥമിക നടപടികൾക്ക് ശേഷം ഇത് നടപ്പിൽ വരുത്താനും ധാരണയായി. തളിപ്പറമ്പ് നഗരത്തിൽ അനധികൃത പാർക്കിംഗ് വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി സർവ്വകക്ഷി യോഗം ചേർന്നത്. തളിപ്പറമ്പ് നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദിന്റ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിലാണ് യോഗം നടന്നത്. തളിപ്പറമ്പ് നഗരത്തിൽ പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്ക് ആദ്യത്തെ ഒരു മണിക്കൂറിന് 10 രൂപയും കാറിന് 20 രൂപയും ഈടാക്കും. ഇതിന് രശീതും നൽകും. ഒരു മണിക്കൂറിനകം തിരികെ എത്തിയാൽ രശീത് വാങ്ങി തുക തിരികെ നൽകും. ഒരു മണിക്കൂറിനകം വരാത്ത പക്ഷം തുക ബന്ധപ്പെട്ട ഏജൻസി കൈപ്പറ്റും. തുടർന്നുള്ള ഓരോ മണിക്കൂറിനും ഇരട്ടി തുക വീതം പാർക്കിംഗ് ഫീസായി ഈടാക്കാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു. രണ്ടാഴ്ച്ചക്ക് ശേഷം പദ്ധതി നടപ്പിൽ വരുത്താനും ധാരണയായി. തളിപ്പറമ്പ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലും മാർക്കറ്റ്റോഡിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇത് കൂടാതെ കാക്കാത്തോട് റോഡ് പൂർണ്ണമായി നോ പാർക്കിംഗ് മേഖലയാക്കാനും, ഇവിടെ ഇന്റർലോക്ക് പതിപ്പിച്ച് മലയോര ബസ്റ്റാന്റാക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രജനി രമാനന്ദ്, കെ ഹഫ്സത്ത്, പ്രതിപക്ഷ നേതാവ് കോമത്ത് മുരളീധരൻ, തഹസിൽദാർ പി. വി. സുധീഷ്, മുനിസിപ്പൽ സെക്രട്ടറി കെ. അഭിലാഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൊടിയിൽ സലിം (മുസ് ലിം ലീഗ്), കെ.രഞ്ജിത്ത്, (കോൺഗ്രസ്), എം. ചന്ദ്രൻ (സിപിഎം), എ. ആർ. സി. നായർ(സിപിഐ), പി കുഞ്ഞിരാമൻ (ബിജെപി), കെ.സി.മധുസൂദനൻ(എൽജെഡി), കെ.എസ്. റിയാസ്, വി. താജുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), വി. വിജയൻ, കെ. എം. ലത്തീഫ് (വ്യാപാരി വ്യവസായി സമിതി), എം. കെ. മനോഹരൻ (പ്രസ് ഫോറം) തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad