Header Ads

  • Breaking News

    ഇനി വിധവാ പെന്‍ഷനില്ല ; ഭര്‍ത്താവുമായി അകന്നുകഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും



    ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഇനി വിധവാ പെന്‍ഷനില്ല. ഭര്‍ത്താവിനെ 7 വര്‍ഷമായി കാണാനില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ പെന്‍ഷന്‍ അപേക്ഷ പരിഗണിക്കാം.

    7 വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. വേര്‍പിരിഞ്ഞു താമസിക്കുക എന്നതു '7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്ത' എന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഭര്‍ത്താവിനെ കാണാനില്ലെന്ന പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ഇനി അപേക്ഷ പരിഗണിക്കാവൂ.

    സംസ്ഥാനത്തു 13 ലക്ഷത്തിലധികം ആളുകള്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. വിവാഹ മോചനത്തിനു കേസ് നടത്തുന്നവരും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ പെന്‍ഷന്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു പുതിയ നിര്‍ദേശം.

    വിവാഹമോചനം നേടിയ പലരും പുനര്‍വിവാഹിതരായെങ്കിലും തുടര്‍ന്നും വിധവാ പെന്‍ഷന്‍ വാങ്ങുന്നതായി സര്‍ക്കാര്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍ വിവാഹിതരല്ല എന്നു ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം എല്ലാവര്‍ഷവും നല്‍കണമെന്നും നിര്‍ദേശമുണ്ട്. മുന്‍പു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മതിയായിരുന്നു. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുന്നു എന്ന കാരണത്താല്‍ മാത്രം പെന്‍ഷന്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

    No comments

    Post Top Ad

    Post Bottom Ad