Header Ads

  • Breaking News

    കുട്ടികളിലെ വായനാശീലം എളുപ്പമാക്കാന്‍ ഇനി ബോലോ ആപ്പ്


    സ്മാര്‍ട്ട്ഫോണുകളുടെ പ്രചാരം വര്‍ധിച്ചതോടെ പുതിയ തലമുറയില്‍ വായന കുറയുന്നുവെന്നത് എവിടെയും ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനമാണ്. ഇപ്പോഴിതാ കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഗൂഗിള്‍ തന്നെ ബോലോ എന്ന പേരില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. ഗ്രാമീണ വിദ്യാര്‍ഥികളില്‍ വായനയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള ശേഷിയും വര്‍ധിപ്പിക്കുകയാണ് ബോലോ ആപിന്റെ ലക്ഷ്യം.ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ബോലോ ആപ് പുറത്തിറക്കിയിരിക്കുന്നത്.
    ഈ ആപ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഒരേസമയം ഹിന്ദിയിലേയും ഇംഗ്ലീഷിലേയും പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള നിരവധി കഥകളാണ് ആപില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആപിനൊപ്പം 16കഥകളുണ്ടാകും കൂടുതല്‍. കഥകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഈ കഥകള്‍ വായിക്കുന്നതിലൂടെ വായനാശീലം വളര്‍ത്താനാകുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.അത്യാധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അപ്രാപ്യമായ ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്ന ബോലോ ആപ് ഓഫ് ലൈനിലും ഉപയോഗിക്കാനാകും. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളെ കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍.

    ആരുടേയും സഹായമില്ലാതെ കുട്ടികള്‍ക്ക് വായിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപില്‍ കഥകള്‍ മറ്റും ക്രമീകരിച്ചിരിക്കുന്നത്. ആപ്ലിക്കേഷനും ഉപയോഗവും സൗജന്യമാണെന്നും കൂടുതല്‍ കഥകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുന്നുണ്ടെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. വൈകാതെ കൂടുതല്‍ ഭാഷകളിലും ബോലോ ആപ് എത്തും.ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍ ആന്റ് ടെക്സ്റ്റ് ടു സ്പീച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആപ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടങ്ങളിലും കുട്ടികള്‍ക്ക് ബോലോ ആപ് നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനായി ദിയ എന്ന അനിമേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്റും ബോലോ ആപിലുണ്ട്.
    കഥകള്‍ കുട്ടികള്‍ക്ക് വായിച്ചുകൊടുക്കാനും ആവശ്യമെങ്കില്‍ ഇംഗ്ലീഷ് കഥകളുടെ അര്‍ഥം ഹിന്ദിയില്‍ വിശദമാക്കാനും ദിയക്ക് സാധിക്കും. അക്ഷരശുദ്ധിയില്‍ വായിച്ചാല്‍ ദിയ കുട്ടികളെ ‘സബാഷ്’ എന്നു പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യും.കഴിഞ്ഞ മൂന്ന് മാസമായി ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 200 ഗ്രാമങ്ങളില്‍ പൈലറ്റ് പദ്ധതിയായി ബോലോ ആപ് കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഈ മൂന്ന് മാസത്തിനിടെ കുട്ടികളില്‍ വായനാപാടവം 64 ശതമാനം വര്‍ധിച്ചെന്നും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ബോലോ ആപ് ലഭ്യമാണ്. കിറ്റ് കാറ്റോ അതിന് മുകളിലോ ഉള്ള ആന്‍ഡ്രോയിഡ് വെര്‍ഷനുകള്‍ ആപ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad