Header Ads

  • Breaking News

    ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കാൻ സർക്കാർ നടപടികൾ തുടങ്ങി

    ചൂരൽമല : ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കാൻ സർക്കാർ നടപടികൾ തുടങ്ങി. പാലം പുനർനിർമിക്കാനുള്ള പ്രാഥമിക പദ്ധതി നിർദേശം പൊതുമരാമത്തു വകുപ്പ് പാലം വിഭാഗം സർക്കാരിന് സമർപ്പിച്ചു. സർക്കാർ നിർദേശ പ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി രേഖ തയാറാക്കിയത്. ഇനിയൊരു ദുരന്തമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലം പണിയുകയെന്ന് അധികൃതർ പറഞ്ഞു.

    കഴിഞ്ഞ ദുരന്തത്തിൽ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിൽ പണിയാനാണ് ഉദ്ദേശിക്കുന്നത്. അതിനാൽ മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. ഡിസൈനിലും പ്രത്യേകതകളുണ്ട്. ‘ബോസ്ട്രിങ് ഗേർഡഡ് ടൈപ്’ പാലമാണ് പണിയുന്നത്.

    വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. പ്രദേശത്തെ മണ്ണിന്റെ സ്വഭാവം പഠനവിധേയമാക്കിയതിനു ശേഷമേ പ്രവൃത്തി ആരംഭിക്കുകയുള്ളൂ. 35 കോടി രൂപയാണ് ഏകദേശ ചെലവ് കണക്കാക്കുന്നത്. ചൂരൽമല ടൗണിൽ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം നിർമിക്കുക. പദ്ധതിക്കായുള്ള പ്രാഥമിക നിർദേശമാണ് സമർപ്പിച്ചതെന്നും ഭരണാനുമതി ലഭിച്ചാൽ മാത്രമേ സാങ്കേതിക അനുമതി അടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad