Header Ads

  • Breaking News

    സൈബർ സെല്ലിന്റെ പേരിലും തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്


     ‘സൈബർ സെല്ലിൽനിന്നാണു വിളിക്കുന്നത്’ എന്നുപറഞ്ഞുള്ള ഫോൺവിളിയെത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ നിർദേശം. സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നതായും ഫോൺവിളിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.

    ഫോണിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ അസ്വാഭാവികത ഉണ്ടെന്നോ, ഓൺലൈൻ കുറ്റകൃത്യം നടത്തിയെന്നോ മറ്റോ പറഞ്ഞാകും സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ വിളിക്കുക. വിളികളിൽ പതറുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്. ഇത്തരം തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ, വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

    സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന്‌ പൊതുജനങ്ങളെ വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുൻകൂട്ടി അറിയിക്കും. അഥവാ അറിയിക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ വിളിക്കുന്നയാളുടെ വിശദവിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുക. സംശയം തോന്നിയാൽ ഓഫീസ് നമ്പറിലേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക. വ്യാജകോളാണെങ്കിൽ വിവരം 112, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എവിടെയെങ്കിലും അറിയിക്കണം. വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നതും വിളികൾ നടത്തുന്നതും.

    സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും പോലീസ് ഓഫീസുകളുടെയും പോലീസുദ്യോഗസ്ഥരുടെയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. നമ്പറുകൾ ഇതുമായി ഒത്തുനോക്കി ഉറപ്പുവരുത്താമെന്നും പോലീസ് നിർദേശിക്കുന്നു. സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ വരുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad