ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കവര്‍ന്ന സംഭവം; പ്രതികൾ പിടിയിൽ
ഇരിട്ടി :
ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കവർന്ന കേസിലെ പ്രതികളെ ഇരിട്ടിപൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കാട് മാറാട് വായനശാലയ്ക്കു സമീപം പാലയ്ക്കൽ ഹൗസിൽ ടി.ദീപു(29), പേരാവൂർ മേൽമുരിങ്ങോടി സ്വദേശി ഏറത്ത് ഹൗസിൽ എ.സന്തോഷ് (44) എന്നിവരെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ രാവിലെ കല്ലുമുട്ടിയിൽ വെച്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സ്കൂളിൽ മോഷണം നടന്നത് സ്ക്കൂളിലെ ഒരുഅധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രധാനാധ്യാപികയും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ നിരീക്ഷണത്തിലായതിനാൽ 14 ദിവസം സ്കൂൾ പ്രവർത്തിച്ചിരുന്നില്ല തുടർന്ന് കഴിഞ്ഞ 25 ന് ആയിരുന്നു സ്കൂളിൽ മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്.
സ്കൂൾ കമ്പ്യൂട്ടർ ലാബിൻ്റെ വാതിലിൻ്റെ പുട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട്കമ്പ്യൂട്ടർ ബാറ്ററിയും, യു പി എസ്സും, രണ്ട് ലാപ്ടോപ്പും മോഷ്ടിക്കുകയായിരുന്നു സ്കൂൾ കോമ്പൗണ്ടിലെ ടോയ്ലറ്റുകളിലെ 20 സ്റ്റീൽവാട്ടർ ടാപ്പുകളും മോഷ്ടിച്ചിരുന്നു .
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനധ്യാപിക എൻ.പ്രീതയുടെ പരാതിയിൽ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരിട്ടി താലൂക്ക് ആശുപത്രി വളപ്പിൽ നിർത്തിയിട്ട ആംബുലൻസിൽ നിന്നും മോഷ്ടിച്ച ബാറ്ററി കല്ലുമുട്ടിയിലെ ആക്രിക്കടയിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ മോഷ്ടാക്കളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ മോഷണക്കേസിനും തുമ്പുണ്ടായത് .
മാലൂർ സ്വദേശിക്ക് വിൽപ്പന നടത്തിയസ്കൂളിൽ നിന്നും മോഷ്ടിച്ച ലാപ്ടോപും കാക്കയങ്ങാട് ആക്രിക്കടയിൽ വിൽപ്പന നടത്തിയ ബാറ്ററിയും യു പി എസ്സും പൊലിസ്കണ്ടെടുത്തിട്ടുണ്ട്
പൊലിസ് പിടിയിലായ ദീപു നിരവധി കേസുകളിൽ പ്രതിണെന്നും ആറളം ഫാം പത്താം ബ്ലോക്കിൽ ഭാര്യവീട്ടിൽ താമസിച്ചാണ് ഇയാൾ മോഷണം നടത്തുന്നതെന്നും ഒരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് 6 മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയതെന്നും പൊലിസ് അറിയിച്ചു. എസ് ഐ ബേബി ജോർജ്, സിവിൽ പൊലിസ് ഓഫിസർ മാരായ ഷൗക്കത്ത്, നവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
ليست هناك تعليقات
إرسال تعليق