Header Ads

  • Breaking News

    കൊറോണ ദുരിതാശ്വാസത്തിനായി മോഹൻലാലിന്റെ അളവറ്റ സംഭാവനകൾ: മോഹൻലാലിന് നന്ദി രേഖപ്പെടുത്തി കത്തയച്ച് ഫെഫ്ക


    കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചലച്ചിത്ര താരങ്ങൾ നിരവധി സംഭാവനകൾ നൽകുന്നത് ഈയിടെ വലിയ വാർത്തകളായി മാറിയിരുന്നു. നടൻ മോഹൻലാലും സംഭവനകളുമായി രംഗത്ത് എത്തിയിരുന്നു. ദിവസ വേതനക്കാർക്ക് 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും മോഹൻലാൽ സംഭാവന ചെയ്തിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ സംഭാവനകളിൽ നന്ദി പ്രകടനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫെഫ്ക. മോഹൻലാലിന് ഫെഫ്ക അയച്ച കത്ത് ബി ഉണ്ണികൃഷ്ണൻ പരസ്യപ്പെടുത്തിയുണ്ട്.

    ഫെഫ്കയുടെ കത്ത്:

    ശ്രീ.മോഹൻലാലിനു നന്ദി പറഞ്ഞുകൊണ്ട്‌ ഫെഫ്ക എഴുതിയ കത്ത്‌ പ്രസിദ്ധപ്പെടുത്തുന്നു:

    എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ ,

    തൊഴിൽ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ്‌ സാങ്കേതികപ്രവർത്തകരും യാതനയിലാണെന്നറിഞ്ഞപ്പോൾ, ഞങ്ങൾ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങൾ രൂപപ്പെടുത്തുന്ന ‘കരുതൽ നിധിയിലേക്ക്‌’ 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കൾ തുടങ്ങിവെച്ച മാതൃകയാണ്‌ മറ്റുള്ളവർ– അവർ എണ്ണത്തിൽ അധികമില്ല– പിന്തുടർന്നത്‌.

    ഈ സഹജീവി സ്നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്‌, ഒരു മഹാനടൻ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീർക്കുന്നത്‌. ഒരോതവണ നമ്മൾ ഫോണിൽ സംസാരിക്കുമ്പോഴും, സന്ദേശങ്ങൾ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാൻ കഴിയും എന്ന് മാത്രമാണ്‌ താങ്കൾ ചോദിക്കാറുള്ളത്‌. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട്‌ കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളിൽ, സമൂഹത്തിലെ മറ്റ്‌ വിഭാഗങ്ങളോടും താങ്കൾ പങ്ക് വെയ്ക്കുന്നത്‌ കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനിൽക്കുമ്പോൾ പോലും, സിനിമാ ലൊക്കേഷനുകളിൽ, താങ്കൾ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾ മുതൽ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലർത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമർശിക്കാറുള്ളതാണ്‌. താങ്കൾ പുലർത്തി വരുന്ന ആ മൂല്യങ്ങളുടെ തുടർച്ച തന്നെയാണ്‌, ഇപ്പോൾ, ഈ വിഷമസന്ധിയിൽ, താങ്കൾ നൽകിയ സഹായവും. താങ്കളോട്‌, അളവറ്റ നന്ദിയും സ്നേഹവും; കൂടെ നിന്നതിന്‌, കൈ പിടിച്ചതിന്‌.
    സ്നേഹത്തോടെ,

    ഉണ്ണിക്കൃഷ്ണൻ ബി
    ( ജനറൽ സെക്രറ്ററി: ഫെഫ്ക)

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad