Header Ads

  • Breaking News

    ഒരുങ്ങിയത് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ്

    സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസാണ് ഇന്നലെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അഴീക്കോടൻ മന്ദിരം.അഞ്ച് നിലകളിലായി 80,000 ചതുരശ്ര അടിയിലാണ് പാർട്ടി ഓഫീസ് പണിതിരിക്കുന്നത്. തിരുവനന്തപുരത്തെ എ.കെ.ജി മന്ദിരത്തിന് 70,000 ചതുരശ്ര അടിയാണ്.

    ഇതിനു പുറമെ രണ്ട് നിലകള്‍ പാർക്കിംഗിനായും ഉണ്ട്. നൂറ് വാഹനങ്ങള്‍ വരെ ഒരുമിച്ച്‌ പാർക്ക് ചെയ്യാൻ കഴിയുന്നതാണ് ഇത്. ഗ്രൗണ്ട് ഫ്ളോറില്‍ ഫ്രണ്ട് ഓഫീസും എം.പി മാരുടെ ഓഫീസും അടുക്കളയും വാർത്ത സമ്മേളനം ചേരുന്നതിനുള്ള ഹാളുമാണുള്ളത്. ഒന്നാം നിലയില്‍ ജില്ല സെക്രട്ടറിയുടെ ഓഫീസ്, ബാലസംഘത്തിന്റയും എസ്.എഫ്.ഐയുടെയും ഓഫീസുകള്‍ കോണ്‍ഫറൻസ് ഹാള്‍ എന്നിവ. രണ്ടാം നിലയില്‍ ജില്ല സെക്രട്ടിയേറ്റ് യോഗം ചേരുന്നതിനുള്ള ഹാളും വിപുലമായ ഓഫീസുമാണുള്ളത്. മൂന്നാം നിലയില്‍ ജില്ല കമ്മിറ്റി യോഗം ചേരുന്നതിനുള്ള ഹാള്‍. നൂറ് പേർക്ക് ഇരിക്കാൻ കഴിയുന്നതാണിത്. ഇതിന് പുറമെ ചെറിയ രണ്ട് കോണ്‍ഫറൻസ് ഹാളുകളും ഒരുക്കിയിട്ടുണ്ട്. നാലാം നിലയില്‍ വിപുലമായ കോണ്‍ഫറൻസ് ഹാള്‍, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം എന്നിവ. അഞ്ചാം നിലയില്‍ വലിയൊരു ഹാള്‍ എന്നിങ്ങനെയാണുളളത്.

    അടിയന്തരാവസ്ഥ കാലത്തെ കണ്ണൂരിന്റെ ചരിത്രമായിരുന്നു പൊളിച്ചുമാറ്റിയ അഴീക്കോടൻ മന്ദിരം. പഴയ ഓഫീസിലുണ്ടായ അതേതടികള്‍ കൊണ്ട് അതേ മാതൃകയിലാണ് മുന്നിലുള്ള തൂണുകള്‍ നിർമ്മിച്ചിട്ടുള്ളത്. ചരിത്ര പരമായ പല മുന്നേറ്റങ്ങള്‍ക്കും ഇനിയും സാക്ഷ്യം വഹിക്കാൻ പോകുന്നതായിരിക്കും പുതിയ ഓഫീസെന്ന് നേതാക്കളും പ്രവർത്തകരും ഒരേസ്വരത്തില്‍ പറയുന്നു.

    പ്രധാന ആക‌ർഷണം എ.കെ.ജി ഹാള്‍

    ജില്ല കമ്മിറ്റി ഓഫീസില്‍ എത്തുന്നവർക്ക് പ്രധാന ആകർഷണമാണ് കെട്ടിടത്തോട് ചേർന്നൊരുക്കിയ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി ഹാള്‍. എ.കെ.ജിയുടെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റെൻസില്‍ ആർട്ടും ഇതിന്റെ ചുവരില്‍ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായിയും സംഘവുമാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച രാവും പകലുമില്ലാതെ മുപ്പത് പേരുടെ അധ്വാനമാണ് സ്റ്റെൻസില്‍ ആർട്ടിന്റെ പിന്നിലെന്ന് ഉണ്ണി കാനായി പറഞ്ഞു. ഓഫീസില്‍ എത്തുന്നവരെല്ലാം ഇതിന്റെ മുന്നില്‍ നിന്നും ഫോട്ടോയെടുത്താണ് മടങ്ങുന്നത്.

    പ്രവർത്തകരുടെ ചോരയും നീരും

    കണ്ണൂർ ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന പാർട്ടി അനുഭാവികളുടെയും പ്രവർത്തകരുടെയും അധ്വാനത്തിന്റെ ഫലമാണ് പാർട്ടി ഓഫീസെന്ന് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രവർത്തകർ പറയുന്നു. 20 മാസം കൊണ്ട് 15 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മൂലധനം പ്രവർത്തകർ സ്വമേധയ പാർട്ടിക്ക് നല്‍കിയ തുക. അതിന്റെ വൈകാരികത പുതിയ പാർട്ടി ഓഫീസിനോട് പ്രവർത്തകർക്കുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad