തലശേരിമലബാർ ക്യാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിൽ ചികിത്സക്കൊപ്പം ഉല്ലാസവും. കുട്ടികളുടെ ഓങ്കോളജി ബ്ലോക്കിൽ സിനിമ കാണാനും പുസ്‌തക വായനയ്‌ക്കും സൗകര്യമൊരുങ്ങി. ലയൺസ് ക്ലബ് നിർമിച്ച മിനി തിയറ്ററും ലൈബ്രറിയും കോൺഫറൻസ് ഹാളും വെള്ളിയാഴ്‌ച രാവിലെ 10ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. എംസിസിയിലെ ചടങ്ങിൽ എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനാകും. കെ മുരളീധരൻ എംപി മുഖ്യാതിഥിയാകും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ 31.75 ലക്ഷം രൂപ ചെലവിലാണ് സൗകര്യങ്ങളൊരുക്കിയത്. ഡോൾബി സ്‌റ്റീരിയോ തിയേറ്ററിൽ 56 പേർക്ക് സിനിമ കാണാം. 500ലേറെ പുസ്‌തകങ്ങൾ ലൈബ്രറിയിലുണ്ട്. കോൺഫറൻസ്‌ഹാളും ശിശുസൗഹൃദമാണ്. ഡോ. എസ് രാജീവിന്റെ മുൻകൈയിലാണ് പ്രവൃത്തി തുടങ്ങിയത്. കുട്ടികളിലെ ചികിത്സ രണ്ടുവർഷംവരെ നീളുന്നതിനാൽ ‘വീടുവിട്ടാൽ മറ്റൊരു വീട്’ എന്ന സങ്കൽപ്പത്തിലാണ് ബ്ലോക്ക് നിർമിച്ചത്. കുട്ടികളിലെ അർബുദം വർധിക്കുന്നുണ്ടെന്നും രക്താർബുദമാണ് കൂടുതൽ കാണപ്പെടുന്നതെന്നും പീഡിയാട്രിക് ഓങ്കോളജി വിഭാഗം ഇൻചാർജ് ഡോ. ടി കെ ജിതിൻ പറഞ്ഞു. നേരത്തെ കണ്ടെത്തിയാൽ ഇവ ചികിത്സിച്ച് ഭേദമാക്കാം. വാർത്താസമ്മേളനത്തിൽ എംസിസി അഡ്‌മിനിസ്‌ട്രേറ്റർ ടി അനിത, ലയൺസ്‌ക്ലബ് ഭാരവാഹികളായ ടി കെ രജീഷ്, പ്രദീപ് പ്രതിഭ, അനൂപ് കേളോത്ത്, ടി കെ രാജീവ്, എം ശ്രീനിവാസ പൈ, രാജീവ് തണൽ എന്നിവരും പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق