Header Ads

  • Breaking News

    മോഡലുകൾ മരിച്ച സംഭവം: വാഹനാപകടത്തിന് ശേഷം പിന്തുടർന്ന ഓഡി ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചു

     


    കൊച്ചി: 

    മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സംശയ ദൃഷ്ടിയിലുള്ള വ്യവസായി സൈജു തങ്കച്ചൻ അപകട ശേഷം ഹോട്ടലുടമയെ ഫോൺ വിളിച്ചതായി കണ്ടെത്തി. അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം പിന്തുടർന്ന ഓഡി കാർ ഓടിച്ചിരുന്നത് സൈജുവാണ്. അപകട ശേഷം ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ ഇയാൾ വിളിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 


    അതേസമയം, ഹോട്ടൽ ഉടമ റോയി നിലവിൽ ഒളിവിലാണെന്നാണ് വിവരം. റോയിക്ക് പുറമെ ഹോട്ടലിലെ മറ്റ് ജീവനക്കാരേയും സൈജു വിളിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡികാറാണ് അൻസിയുടെ വാഹനത്തെ പിന്തുടർന്നത്. അൻസിയുടെ സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്നതെന്നുമാണ് സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇവയൊക്കെ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 


    സമീപത്തെ സിസിടിവി ദശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹോട്ടലിൽ അർദ്ധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് നാലംഗ സംഘം നീല ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ടത്. സൈജു ഇവരെ പിന്തുടർന്നിരുന്നു. കുണ്ടന്നൂരിൽ കാർ തടഞ്ഞ് അൻസിയുടെ സംഘവുമായി സംസാരിച്ചു. തുടർന്ന് ഇവർ അതിവേഗത്തിൽ കാറോടിച്ച് പോകുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. സൈജു അപകട സ്ഥലത്ത് എത്തിയെങ്കിലും ഇവരെ രക്ഷപെടുത്താതെ ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്നു.



    അൻസി കബീർ, അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. ഇയാളെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്.  പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്.  അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ഹാർഡ് ഡിസ്‌കുമായി ഹോട്ടലുടമ റോയി കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഹാർഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങൾ സംഭവത്തിലെ ദുരൂഹതമാറ്റാൻ സഹായിക്കുമെന്നാണ് നിഗമനം. അതിനാൽ തന്നെ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad