Header Ads

  • Breaking News

    ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

     


    തിരുവനന്തപുരം: 

    ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടൈംടേബിളുകള്‍ പുതുക്കിയത്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും എം എല്‍ എമാരുടേയും ആവശ്യം പരിഗണിച്ച്‌ മന്ത്രി ഇടപെടുകയായിരുന്നു.

    സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ ഹയര്‍ സെക്കഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ ആറ് മുതല്‍ 27 വരെയാകും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍ സെക്കഡറി പരീക്ഷ എന്നത് സെപ്റ്റംബര്‍ ഏഴ് മുതല്‍ 27 വരെയാകും.ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകള്‍ തമ്മില്‍ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികള്‍ക്ക് പരീക്ഷാ ദിനങ്ങള്‍ക്കിടയില്‍ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും എന്നാണ് കരുതുന്നത്.

    കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80 സ്കോറുള്ള പരീക്ഷയ്ക്ക് 160 സ്കോര്‍, 60 സ്കോറുള്ളതിന് 120 സ്കോര്‍,40 സ്കോറുള്ളതിന് 80 സ്കോര്‍ എന്ന കണക്കിലാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. ഇതില്‍ നിന്നും ഓരോ വിഭാഗത്തിലും നിര്‍ദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അവയില്‍ നിന്നും മികച്ച സ്കോര്‍ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ.

    എസ് സി ഇ ആര്‍ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളില്‍ നിന്നുതന്നെ മുഴുവന്‍ സ്കോറും നേടാന്‍ കുട്ടിയെ സഹായിക്കും വിധം ആവശ്യാനുസരണം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടാകും. അഭിരുചിക്കനുസരിച്ച്‌ ഉത്തരമെഴുതാന്‍ കുട്ടികളെ സഹായിക്കുന്നതിന് മറ്റു പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി ഓപ്ഷന്‍ അനുവദിക്കുമ്ബോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. ഇവ വായിച്ച്‌ മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നതുകൊണ്ട് സമാശ്വാസ സമയം 20 മിനിറ്റ് ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad