Header Ads

  • Breaking News

    മോദിയുടെ വീഡിയോക്ക് ഡിസ്‍ലൈക്ക് പ്രവാഹം; ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ ഡിസ്‍ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‍ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്.

    കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചപ്പോഴാണ് ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്.

    ഉടന്‍ തന്നെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‍ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്‍റുകള്‍. ഇനി കമന്‍റ് ബോക്സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‍ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.


    നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‍ലൈക്കുകളുണ്ടായി. ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോദി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്‍ലൈക്ക് ലഭിച്ചത്. കോവിഡ് വ്യാപന സമയമായിട്ടും പരീക്ഷകള്‍ മാറ്റിവെയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സമയമായിരുന്നു അത്.

    രാജ്യത്തെ വൈകിട്ട് ആറ് മണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നാണ് മോദി പറഞ്ഞത്. പിന്നാലെ പല അഭ്യൂഹങ്ങളം ഉയര്‍ന്നു. എന്നാല്‍ കോവിഡ് ജാഗ്രതയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ശക്തി തെളിയിച്ചെന്നും ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാൻ കഴിയുന്ന സമയം ആയിട്ടില്ല. വാക്സിൻ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയിൽ തുടരണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad