Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് മരിച്ചത് നാല് പേര്‍

    കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫറൂഖ് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനന്‍ (68) എന്നിവരാണ് ഇന്ന് കൊവിഡ് മൂലം മരിച്ചവര്‍.

    ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ലെന്നാണ് കൊവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയില്‍ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച വടകര സ്വദേശി മോഹനന് കിഡ്‌നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ഇയാളുടെ നില വഷളായിരുന്നുവെന്നാണ് ഡോക്ടര്‍ അറിയിച്ചത്.

    തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു ആണ് മരിച്ച മറ്റൊരാള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കവേയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad