Header Ads

  • Breaking News

    നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്; ഇരിട്ടി കടുത്ത ആശങ്കയിൽ

    നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ  നിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് വീട്ടിൽ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ  അന്വേ ഷണത്തിൽ കണ്ടെത്തി. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാർഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാൾ നിരവധി തവണ ക്വാറന്റയിൻ ലംഘിച്ച് ഇരിട്ടി ടൗണിൽ എത്തിയതായും പലരുമായി സമ്പർക്കത്തിലായതായും കണ്ടെത്തി. വീട്ടിൽ നടന്ന ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്തവരിൽ കുറെ പേർ ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും കണ്ടെത്തി. ഞായറാഴ്ച യാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയും ഇയാൾ വീട്ടിൽ നിന്നും പറത്തിറങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിടുണ്ട്. യുവാവുമായി പ്രൈമറിതലത്തിൽ ബന്ധപ്പെട്ടവരുടെ കൂട്ടത്തിൽ കൂത്തുപറമ്പിൽ വ്യാപാര  സ്ഥാപനം നടത്തുന്നയാളും ഉൾപ്പെട്ടിട്ടുണ്ട് .
    നഗരസഭാ വാർഡ് തല സുരക്ഷാ സമിതി നടത്തിയ അന്വേഷണത്തിൽ കോവിഡ് ബാധിച്ച യുവാവുമായി 20-ൽ അധികം പേർ ഹൈറിസ്‌ക്ക് സമ്പർക്കത്തിൽപ്പെട്ടവരായി കണ്ടെത്തി. ഇവരെ മുഴുവൻ ക്വാറന്റയിൻ സെന്ററിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. സെക്കണ്ടറി സമ്പർക്ക പട്ടികയിൽ 200-ൽ അധികം പേർ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രൈമറി സമ്പർക്കത്തിലുള്ളവർ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി. കോവിഡ് ബാധിച്ച യുവാവ് നിരീക്ഷണം ലംഘിച്ച്  സഹപ്രവർത്തകർക്കൊപ്പം കാരംസ് കളിച്ചതായും ഫുട്‌ബോൾ കളിക്കുന്ന സ്ഥലത്തും എത്തിയതായും പറയുന്നുണ്ട് . യുവാവുമായി നേരിട്ട് സമ്പർക്കത്തിലായ എട്ടോളം കടകൾ തിങ്കളാഴ്ച്ച അടപ്പിച്ചു. ഇയാളിൽ നിന്നും മറ്റുള്ളവരിലേക്ക്  രോഗവ്യാപനം ഉണ്ടായാൽ  അടച്ചിടൽ ഉൾപ്പെടെയുള്ള കടുത്ത  നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

    അതേസമയം നിരീക്ഷണത്തിലിരിക്കെ ക്വാറന്റയിൽ വ്യവസ്ഥ ലംഘിച്ച യുവാവിനെതിരേയും കുടുംബത്തിനെതിരേയും നിയമനടപടി  സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ പി.പി. അശോകൻ പറഞ്ഞു. നഗരസഭാ പരിധിയിൽ ഇതുവരെയായി 20 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 11പേരും രോഗമുക്തരായി. ഒൻമ്പതുപേർ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം കൂളിചെമ്പ്രയിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും കടുത്ത നടപടികൾ വേണ്ടിവരുമെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും ചെയർമാൻ പറഞ്ഞു. ഇയാളുമായി പ്രൈമറിതലത്തിലും സെക്കണ്ടറി തലത്തിലും ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad