Header Ads

  • Breaking News

    ഫേസ് ആപ്' സുരക്ഷിതമോ?; മുന്നറിയിപ്പുമായി അമേരിക്കന്‍ അന്വേഷണ ഏജന്‍സി

    മുഖം മാറ്റി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഫേസ് ആപ്. ആണിനെ പെണ്ണാക്കിയും തിരിച്ചും കാണിച്ച് തരംഗമാവുകയാണ് ഈ റഷ്യന്‍ ആപ്. അതേസമയം, ആപ്പിന്റെ സുരക്ഷയെ കുറിച്ചും വീണ്ടും ചോദ്യമുയരുന്നുണ്ട്. 2017ല്‍ പുറത്തിറങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഫേസ്ആപ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

    നമ്മുടെ വാര്‍ധക്യത്തിലുള്ള രൂപം എങ്ങനെയിരിക്കുമെന്ന് കാണിച്ച് തന്നാണ് ഫേസ് ആപ്പ് കഴിഞ്ഞ വര്‍ഷം ഏറെ പ്രചാരം നേടിയത്. റഷ്യന്‍ ആപ്പായ ഫേസ്ആപിന്റെ സുരക്ഷയെ കുറിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ ആണ് മുന്നറിയിപ്പ നല്‍കുന്നത്.

    'രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന വിവരങ്ങള്‍' ശേഖരിക്കുന്നുവെന്ന കാരണമാണ് റഷ്യന്‍ ഫേസ്ആപിനെ ഭീഷണിയായി അവതരിപ്പിക്കാന്‍ അമേരിക്കന്‍ ഏജന്‍സി നിരത്തിയത്. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മാറ്റം വരുത്തുന്ന ചിത്രങ്ങള്‍ അടക്കം ഫേസ് ആപിന്റെ സെര്‍വറില്‍ സൂക്ഷിക്കുന്നുവെന്നും ഐടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

    ഈ ആഴ്ച്ച തന്നെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനവും ഫേസ്ആപ് സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്തൊക്കെ വിവരങ്ങളാണ് ഫേസ് ആപ് ശേഖരിക്കുന്നത്? ഈ വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത്? ആര്‍ക്കാണ് ഈ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി? ആപ് ശേഖരിക്കുന്ന നിങ്ങളുടെ വിവരങ്ങള്‍ എങ്ങനെ നീക്കം ചെയ്യാം? തുടങ്ങിയ ചോദ്യങ്ങളും വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനം ഉന്നയിച്ചിരുന്നു.

    അതേസമയം, വിവാദം ഉയര്‍ന്നതോടെ വിശദീകരണവുമായി ഫേസ് ആപ് ഉടമ യറോസ്ലാവ് തന്നെ രംഗത്തെത്തി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ റഷ്യന്‍ അധികൃതര്‍ക്ക് കൈമാറുന്നില്ലെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എഡിറ്റു ചെയ്യാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഫേസ്ആപ് ഉടമ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ആപ് ഡിലീറ്റ് ചെയ്താല്‍ പോലും ഡൗണ്‍ലോഡ് ചെയ്തവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫേസ്ആപിന്റെ ക്ലൗഡ് സര്‍വറിലുണ്ടാവുമെന്ന ആശങ്കയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനം പങ്കുവെക്കുന്നത്. ഇനി ആര്‍ക്കെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ആപ് സര്‍വറില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ പ്രത്യേകമായി ആവശ്യപ്പെടുകയും വേണം. ഇങ്ങനെ പൊതുവെ ആരും ചെയ്യാറുമില്ല. 

    ഗൂഗിള്‍ ഫേസ്ബുക്ക് തുടങ്ങി ഏതൊരു സൗജന്യ സേവനങ്ങള്‍ പോലെയും നിങ്ങളുടെ വിവരങ്ങള്‍ ഫേസ്ആപ് ശേഖരിക്കുന്നുണ്ടെന്ന് തന്നെയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad