Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ അതീവ ജാഗ്രത; വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു


    കണ്ണൂര്‍
    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും കിയാല്‍ എം.ഡി വി. തുളസീദാസ് പറഞ്ഞു. ഇതുവരെ കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കമാന്‍ഡന്റ് ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തു നിന്നും വിമാന മാര്‍ഗം തിരിച്ചെത്തിയ ഇയാള്‍ കൂത്തുപറമ്പിലെ ക്യാമ്പില്‍ 14 ദിവസത്തെ ക്വാറന്റൈനും പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. അതിന് പിന്നാലെ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിനകത്തെ കമാന്‍ഡന്റ് ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തു. ഇനി മുതല്‍ നിരീക്ഷണ കാലാവധി 14 ല്‍ നിന്ന്  28 ദിവസമാക്കുമെന്ന് കിയാല്‍ എം.ഡി വി.  തുളസീദാസ് വ്യക്തമാക്കി. നിലവില്‍ 50 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അവധി കഴിഞ്ഞെത്തി കൂത്തുപറമ്പ് വെള്ളിവെളിച്ചത്തിലെ ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം അവധി കഴിഞ്ഞ് ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  നിലവില്‍ നൂറിലേറെപ്പേര്‍ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. ഇപ്പോള്‍ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad