Header Ads

  • Breaking News

    മരത്തിലും ടെറസിലും ഓടിക്കയറുന്ന കുന്നംകുളത്തെ അജ്ഞാത രൂപം; സത്യാവസ്ഥയെന്ത്; നാട്ടുകാർ പിടികൂടിയതാരെ?

    തൃശൂർ: 
    തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയില്‍ കണ്ടതായി പറയപ്പെടുന്ന അജ്ഞാത രൂപം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചർച്ചയായിക്കഴിഞ്ഞു. വീടിനും മരത്തിനും മുകളില്‍ ഓടിക്കയറുകയും ശരവേഗത്തില്‍ അപ്രത്യക്ഷനാവുകയും ചെയ്യുന്ന അജ്ഞാതനെ കുറിച്ച് നാട്ടുകാർ വാചാലമാകുന്നു. എന്നാല്‍ പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നില്‍ എന്തെങ്കിലും വസ്തുതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ.
    ശരവേഗത്തില്‍ മരങ്ങളിലും വീടുകള്‍ക്ക് മുകളിലും ഓടിക്കയറുക. നിമിഷനേരം കൊണ്ട് ഓടിമറയുക. പലദിവസങ്ങളില്‍ പലയിടങ്ങളായി പ്രത്യക്ഷപ്പെട്ടു. കൃത്യമായ രൂപം പോലും വ്യക്തമാക്കാതെ മിന്നിമറയുകയാണ് അജ്ഞാതന്‍. ഇതൊക്കെയാണ് കുന്നംകുളത്തെ അജ്ഞാത രൂപത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍.
    എന്നാല്‍ ഇത്ര വലിയ സാഹസമൊന്നും മനുഷ്യന് ചെയ്യാന്‍ കഴിയില്ലെന്നും ഒരു ഫോട്ടോ പോലുമില്ലാതെ എങ്ങനെ വിശ്വസിക്കും എന്നുമാണ് കുന്നംകുളം മുന്‍സിപ്പാലിറ്റി ചെയർപേർസണ്‍ സീതാ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ഇതെന്നാണ് അവരുടെ നിഗമനം. 
    സീതാ രവീന്ദ്രന്‍, കുന്നംകുളം മുന്‍സിപ്പാലിറ്റി ചെയർപേർസണ്‍
    "പലയിടങ്ങളിലും കണ്ടു എന്ന് പറയുന്നതേയുള്ളൂ. ഇന്നലെ രാത്രി ചിക്കന്നൂർ ഭാഗത്ത് കണ്ടു എന്ന് പറയുന്നു. പലരും വാട്‍സാപ്പില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു ചിത്രം പോലുമില്ല. കാലില്‍ സ്‍പ്രിങ് ഉണ്ട് എന്നൊക്കെ പലരും പറയുന്നു. മരത്തിന്‍റെ മുകളില്‍ ഓടിക്കയറുന്നു, ടെറസില്‍ നിന്ന് അടുത്ത ടെറസിലേക്ക് ചാടുന്നു.  കാറ്റിന്‍റെ വേഗത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന് സാധിക്കുമോ. എന്നാല്‍ ഇതുവരെ തെളിവുകളോ ചിത്രങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. ആരും പുറത്തിറങ്ങാതിരിക്കാന്‍ ഭീതി സൃഷ്ടിക്കാനുള്ള അടവാണ് ഇതെന്നാണ് തോന്നുന്നത്. അജ്ഞാത രൂപത്തിന്‍റെ കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് മഫ്തിയിലടക്കം രാത്രികാലങ്ങളില്‍ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ". 
    ഇന്നലെ പിടികൂടിയത് ആരെ?
    കുന്നംകുളം പ്രദേശത്തു നിന്ന് ഇന്നലെ ഒരാളെ പിടികൂടി നാട്ടുകാർ പൊലീസില്‍ എല്‍പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണ് അജ്ഞാത രൂപത്തിന് പിന്നില്‍ എന്നതിന് തെളിവുകളില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അജ്ഞാതരൂപം ഉണ്ട് എന്ന് തെളിയിക്കുന്ന ചിത്രങ്ങളോ ഒന്നുംതന്നെ ഇല്ല എന്നും എല്ലാം ഇതുവരെ അനുമാനം മാത്രമാണെന്നും കുന്നംകുളം പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad