പൂട്ടിയിട്ട വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ ഫോണ്‍കോള്‍; ഫയര്‍ഫോഴ്‌സിനെ ചുറ്റിച്ച യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്:
പൂട്ടിയിട്ട വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ ഫോണ്‍കോള്‍ നടത്തി ഫയര്‍ഫോഴ്‌സിനെ ചുറ്റിച്ച യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 മണിയോടെയാണ് മീനാപ്പീസ് കടപ്പുറത്ത് നിന്ന് ബിനു എന്ന പേരില്‍ ഫയര്‍ഫോഴ്‌സിന് ഫോണ്‍ കോളെത്തിയത്. ഗള്‍ഫുകാരന്റെ പൂട്ടിയിട്ട വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു സന്ദേശം. കോള്‍ വന്ന നമ്ബറിലേക്ക് തിരിച്ചുവിളിച്ച് അപകടം ഉറപ്പാക്കി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു.
സന്ദേശത്തില്‍ പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും അത്തരമൊരു സംഭവം കണ്ടെത്താനായില്ല.ഇതോടെ വിളിച്ച നമ്ബറില്‍ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച്‌ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായത്. സമീപ പ്രദേശങ്ങളിലൊന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി ഫയര്‍ഫോഴ്‌സ് തിരിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ليست هناك تعليقات
إرسال تعليق