Header Ads

  • Breaking News

    ചെല്‍സിക്കും ആഴ്‌സണലിനും ജയം; ലിവര്‍പൂളിനെതിരെ സിറ്റിക്ക് സമനില


    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്കും ആഴ്സനലിനും തകര്‍പ്പന്‍ ജയം. ചെല്‍സി സതാംപ്ടണിനെയും (3-0) ആഴ്സണല്‍ ഫുള്‍ഹാമിനെയും (5-1) തോല്‍പ്പിച്ചു. അതേസമയം ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
    അവസാന രണ്ട് കളികളില്‍ സമനില വഴങ്ങിയ ചെല്‍സിയുടെ ശക്തമായ തിരിച്ചുവരവാണ് സതാംപ്ടണിനെതിരെ കണ്ടത്. ഇഡന്‍ ഹസാര്‍ഡ് (30), റോസ് ബാര്‍ക്ലെ (57), അല്‍വാരോ മൊറാട്ട (90) എന്നിവരാണ് ഗോള്‍ നേടിയത്.
    അലക്സാന്‍ഡ്രെ ലക്കാസെറ്റും (29, 49), പിയറി ഔബമെയങ്ങും (79, 90) ഇരട്ട ഗോള്‍ നേടിയ മത്സരത്തിലാണ് ആഴ്സണല്‍ ഫുള്‍ഹാമിനെ തകര്‍ത്തുവിട്ടത്. ആരോണ്‍ റാംസിയും (67) ടീമിനായി ലക്ഷ്യം കണ്ടു. ഫുള്‍ഹാമിന്റെ ഗോള്‍ ആന്ദ്രെ ഷൂര്‍ലെയുടെ വകയായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയിക്കാന്‍ ആഴ്സണലിനായി. 18 പോയന്റുള്ള ടീം നാലാം സ്ഥാനത്തേക്കുയര്‍ന്നു.
    റിയാദ് മെഹ്റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില പിരിയുകയായിരുന്നു. ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം വന്നില്ല. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചത്. സാനെയെ വാന്‍ ഡിജിക് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ഗോള്‍കീപ്പര്‍ അലിസണെ കീഴ്പ്പെടുത്താനുള്ള അവസരം മഹ്റസ് കളഞ്ഞുകുളിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad