Header Ads

  • Breaking News

    നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ



    ഇരിട്ടി: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മാനന്തവാടി സ്വദേശിയായ പ്രതിക്ക് വധശിക്ഷ വിധിച്ചു. മാനന്തവാടി ആറ്റിമലയിലെ എ.കെ. ഗിരീഷ് (38) എന്ന പ്രതിക്കാണ് വീരാജ്പേട്ട രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയും 10,000 രൂപ പിഴയും വിധിച്ചത്.

    കുടക് ജില്ലയിലെ പൊന്നംപേട്ട താലൂക്കിലെ ബേഗൂർ ബാലുഗോഡ് ഗ്രാമത്തിൽ 2025 മാർച്ച് 27നാണ് കേസിനാസ്പദമായ കൂട്ടക്കൊലപാതകം നടന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ട കരിയ, ഗൗരി, നാഗി, കാവേരി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാഗിയുടെ മൂന്നാമത്തെ ഭർത്താവാണ് പ്രതിയായ ഗിരീഷ്. ഒരു വർഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

    നാഗിയുടെ രണ്ടാമത്തെ ഭർത്താവായിരുന്ന സുബ്രഹ്മണിയെ വീണ്ടും വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവദിവസം നാഗിയുമായി വഴക്കുണ്ടാക്കിയ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നാഗിയെ വെട്ടിക്കൊലപ്പെടുത്തി. ഇത് തടയാൻ എത്തിയ നാഗിയുടെ മുത്തച്ഛൻ കരിയ, മുത്തശ്ശി ഗൗരി, രണ്ടാനമ്മ കാവേരി എന്നിവരെയും പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

    സംഭവം നടന്ന അടുത്ത ദിവസത്തിൽ തന്നെ പൊന്നംപേട്ട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ തന്നെ പൊലീസ് വീരാജ്പേട്ട രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

    ഗോണിക്കൊപ്പ സർക്കിൾ ഇൻസ്‌പെക്ടർ ശിവരാജ് ആർ. മുധോളിന്റെ നേതൃത്വത്തിൽ ഹെഡ് കോൺസ്റ്റബിൾ കണ്ണെബാൽ, കെ.എ. അബ്ദുൽ മജീദ്, ഹേമലത റായ് എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കേസന്വേഷണത്തിൽ പങ്കെടുത്തു. ജഡ്ജി എസ്. നടരാജയാണ് കേസ് പരിഗണിച്ച് പ്രതിക്ക് വധശിക്ഷ വിധിച്ചത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad