ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങൾ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി.
മരണം സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു. എന്നാല്‍ അദ്ദേഹത്തിൻ്റെ കുടുംബം ഇതുവരെ മരണം സ്ഥീരീകരിച്ചിട്ടില്ല.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935-ൽ ഡിസംബർ എട്ടിനാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി.
1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു.
ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്.
1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എന്നത്തെയും റെക്കോർഡാണ്.
അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്.
1990-കളുടെ അവസാനം മുതൽ വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്ര എത്തി.
1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.
2012ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.
അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസയിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ليست هناك تعليقات
إرسال تعليق