Header Ads

  • Breaking News

    സ്‌കൂള്‍ തുറക്കല്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി


    ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

    സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.

    സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നല്‍കൂ. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.

    കുട്ടികളെ സ്‌കൂളില്‍ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങള്‍ സ്‌കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാന്‍ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡിജിപി നിര്‍ദ്ദേച്ചിട്ടുണ്ട്.

    സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad