Header Ads

  • Breaking News

    മുടങ്ങിയ സർവീസുകൾ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്താം: കെ എസ് ആർ ടി സി




    ഓപ്പറേറ്റ് ചെയ്യാതെ മുടങ്ങിക്കിടക്കുന്ന കെ എസ് ആർ ടി സി സർവീസുകൾ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി ഡീസൽ ചെലവ് വഹിച്ചു കൊണ്ട്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാമെന്ന് കെ എസ് ആർ ടി സി ജില്ലാവികസനസമിതിയോഗത്തെ അറിയിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പദ്ധതിയിലേക്ക് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. കൊവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിൽ ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എഡിഎം യോഗത്തെ അറിയിച്ചു. ജില്ലാ വികസന സമിതിയുടെ തീരുമാനമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് കെ എസ് ആർ ടി സി ചെയർമാന് കത്ത് നൽകിയിട്ടുണ്ട്. ലൈഫ് മിഷനിൽ ജില്ലയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ടി ഐ മധുസൂദനൻ എംഎൽഎ യോഗത്തിൽ നിർദ്ദേശിച്ചു. ചെറുപുഴ എയ്യംകൽ അംബേദ്കർ കോളനിയിലെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർക്ക് യോഗം നിർദേശം നൽകി. ഒന്നര വർഷമായി നടക്കുന്ന മാതമംഗലം ജി എൽ പി സ്‌കൂൾ കെട്ടിട നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് എം എൽ എ പരാതിപ്പെട്ടു. 60 ശതമാനം നിർമ്മാണം പൂർത്തിയായതായും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ജില്ലാ നിർമ്മിതി കേന്ദ്ര യോഗത്തെ അറിയിച്ചു.

    കരാറുകാരുടെ ഭാഗത്തു നിന്നുള്ള ഇടപെടൽ മൂലം ഒരു പദ്ധതി തടസ്സപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു. പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതി പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന പയ്യന്നൂർ നഗരസഭാ ചെയർപേഴ്‌സന്റെ പരാമർശത്തിലാണ് എംഎൽഎ വിഷയം ചൂണ്ടിക്കാട്ടിയത്.
    കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവഴിച്ച് പള്ളിക്കുന്ന്, പുഴാതി സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. പള്ളിക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ സിവിൽ വർക്കിന്റെ എസ്റ്റിമേറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് ഉടൻ ലഭ്യമാക്കാൻ ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചു. പുഴാതി എച്ച് എസ് എസിന്റെ കവറേജ് പ്രശ്‌നം ഇതുവരെ പരിഹരിക്കാത്തതിനാൽ എസ്റ്റിമേറ്റ് സമർപ്പിക്കാൻ കഴിയാത്തത് എം എൽ എയുടെ സാന്നിധ്യത്തിൽ ഒരു യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളാമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.
    തുരുത്തി മുക്ക് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പിനായി  കിഫ്ബിയിൽ നിന്നും കെ ആർ എഫ് ബിക്ക് ലഭിച്ച തുക ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും തുടർന്നുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.
    ഉദയഗിരി, പയ്യാവൂർ പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്നതിനാൽ ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നതിനുള്ള ഡി പി ആർ തയ്യാറാക്കുന്നുണ്ടെന്നും നിലവിലുള്ള ഫെൻസിങ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിച്ചിട്ടുണ്ടെന്നും ഡി എഫ് ഒ പറഞ്ഞു. പയ്യാവൂർ പഞ്ചായത്തിൽ ത്രിതല പഞ്ചായത്ത് ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ലഭിച്ചത് പ്രകാരം 11.5 കി.മീറ്റർ സൗരോർജ്ജ തൂക്കുവേലി നിർമ്മാണ പ്രവൃത്തി പൊലീസ് ഹൌസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപറേഷൻ മുഖേന ആരംഭിച്ചിട്ടുണ്ട്. ചെറുപുഴ പഞ്ചായത്ത് പുളിങ്ങോമിൽ കാട്ടാനശല്യത്തിന് അടിയന്തര സംവിധാനം ഒരുക്കുന്ന കാര്യത്തിൽ വേഗത്തിൽ നടപടി കൈക്കൊള്ളാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, എഡിഎം കെ കെ ദിവാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad