Header Ads

  • Breaking News

    സംസ്ഥാനത്ത് ഒരു ലിറ്ററിന് കുറഞ്ഞത് 9.48 രൂപ മാത്രം



    കൊച്ചി: നികുതി കുറച്ച് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായില്ല. പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2 രൂപ 41 പൈസ കൂടി സംസ്ഥാനത്തും കുറഞ്ഞു. ഇതനുസരിച്ച് പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സ്ഥാനത്ത് 9 രൂപ 48 പൈസ മാത്രമേ കുറഞ്ഞുള്ളൂ. ഇതേ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. എണ്ണകമ്പനികൾ അടിസ്ഥാന വിലകൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് കേരളത്തിന്റെ വിശദീകരണം.

    115 രൂപ 20 പൈസയായിരുന്നു ശനിയാഴ്ച കൊച്ചിയിലെ പെട്രോൾ നിരക്ക്. ഇതിനുപിന്നാലെ കേന്ദ്രം കുറച്ചതും സംസ്ഥാനം വേണ്ടെന്ന് വച്ചതുമായ കണക്ക് നോക്കുമ്പോൾ 104 രൂപ 79 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടേണ്ടതായിരുന്നു. എന്നാൽ കൊച്ചിയിലെ പമ്പുകളിൽ ഇപ്പോൾ 105 രൂപ 70 പൈസയാണ് പെട്രോളിന് ശരാശരി നിരക്ക്. പെട്രോൾ വിലയിൽ കേരളത്തിൽ നടപ്പിലായത് ആനുപാതിക കുറവാണോ അതോ കേരളം കുറച്ചത് തന്നെയാണോ എന്നതിൽ തർക്കം തുടരുന്നതിനിടെയാണ് നിരക്കിലെ വ്യത്യാസവും ശ്രദ്ധേയമാകുന്നത്.

    കേന്ദ്രം പെട്രോളിന് എട്ട് രൂപ കുറച്ചതിന് പിന്നാലെ എണ്ണക്കമ്പനികൾ അടിസ്ഥാന വില കൂട്ടിയതാണ് വ്യത്യാസത്തിന് കാരണമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. 93 പൈസയുടെ വർദ്ധനവാണ് വന്നത്. അതുകൊണ്ട് കേന്ദ്രം എട്ട് രൂപ കുറച്ചപ്പോഴും ജനങ്ങൾക്ക് ഏഴ് രൂപയുടെ ഇളവേ ലഭിച്ചുള്ളൂ എന്നും സംസ്ഥാനം വിശദീകരിക്കുന്നു. അതേസമയം ഡീസൽ നിരക്കിൽ ഈ വ്യത്യാസമില്ല. കേന്ദ്രം കുറച്ച 6 രൂപക്കൊപ്പം, കുറച്ചെന്ന് കേരളം അവകാശപ്പെടുന്ന 1 രൂപ 36 പൈസ കൂടി കുറഞ്ഞതോടെ ഡീസൽ വിലയിൽ 7 രൂപ 36 പൈസയുടെ വ്യത്യാസം വന്നിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad