Header Ads

  • Breaking News

    ഫോൺ ബിസിയാണോ? വിളിക്കൂ 1912ൽ; കെ.എസ്.ഇ.ബി.യുടെ 2663 ഫോണുകളിൽ സന്ദേശം വരും

    കണ്ണൂർ: എപ്പോൾ വിളിച്ചാലും കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫീസുകളിൽ ഫോൺ ബിസിയാണ്. ഉപഭോക്താക്കളുടെ വലിയ പരാതിയാണിത്. പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് പരിഹരിക്കാൻ കെ.എസ്.ഇ.ബി.യുടെ 2663 ഫോണുകളിൽ ഇനി സന്ദേശം വരും (റിങ് ബാക്ക് ടോൺ). 1912-ലേക്ക് വിളിക്കൂ എന്ന സന്ദേശമാണ് റിങ്ങിന് പകരം ഉപഭോക്താവ് കേൾക്കുക. 1912 എന്ന ടോൾഫ്രീ നമ്പർ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം.

    വൈദ്യുതി ഓഫീസുകളിലെ ലാൻഡ്ഫോണും സി.യു.ജി. ഫോണും എൻഗേജ് ആകുമ്പോൾ ഫോൺ മാറ്റിവെക്കുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്. സെക്‌ഷൻ ഓഫീസിൽ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ അല്ലെങ്കിൽ ലൈൻ ബിസിയാണെങ്കിൽ വിളി നിർത്തരുതെന്ന് വൈദ്യുതിവകുപ്പ് പറയുന്നു. അവിടെ വിളിക്കുന്നതിന് പകരം 1912-ൽ വിളിക്കാം. ഉപഭോക്താവ് കോൾസെന്ററിൽ വിളിച്ചാൽ അവിടെനിന്ന് രേഖാമൂലം അതത് സെക്‌ഷൻ ഓഫീസിൽ വിവരമെത്തും.

    കേരളത്തിലെ 776 സെക്‌ഷൻ ഓഫീസ് വിതരണവിഭാഗത്തിലെ 1865 ഉദ്യോഗസ്ഥരുടെ നമ്പർ ഉൾപ്പെടെ 2663 ഫോണുകളിൽ ഈ സൗകര്യം ഒരുക്കും. ബി.എസ്.എൻ.എല്ലിന്റെ താരിഫ് നിരക്കനുസരിച്ച് ഒരു വർഷത്തേക്ക് 7.15 ലക്ഷം രൂപ കെ.എസ്.ഇ.ബി. നൽകണം.

    എന്താണ് 1912?

    1912-വൈദ്യുതിവകുപ്പിന്റെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പർ ആണ്. വിളിച്ചാൽ തിരുവനന്തപുരത്ത് പരാതി രജിസ്റ്റർചെയ്യും. മെസേജും കിട്ടും. വൈദ്യുതിതടസ്സം സംബന്ധിച്ച പരാതികൾ ഓട്ടോമാറ്റിക് ആയി രജിസ്റ്റർചെയ്യാൻ 1912 ഡയൽ ചെയ്യുക. കോൾ കണക്ടാവുമ്പോൾ ഭാഷ തിരഞ്ഞെടുത്തതിനുശേഷം ഒന്ന് ഡയൽ ചെയ്യണം. തുടർന്ന് 13 അക്ക കൺസ്യൂമർ നമ്പർ നൽകി പരാതി രേഖപ്പെടുത്താം. ബിൽ സംബന്ധിച്ച പരാതിക്ക് മൂന്നും അപകടങ്ങൾ അറിയിക്കാൻ നാലും ഡയൽ ചെയ്യണം.

    എല്ലാവരും ഉപയോഗിക്കണം

    1912 എന്ന ടോൾഫ്രീ നമ്പർ എല്ലവരും ഉപയോഗിക്കണം. സെക്‌ഷൻ ഓഫീസിലെ ഫോൺ എൻഗേജ് എന്ന പരാതി ഒഴിവാകും. കാറ്റോ മഴയോ വന്ന് ലൈൻ തകരാറായാൽ 300-ലധികം കോളുകൾ തുടർച്ചയായി ഒരുസമയം വരും. അപ്പോഴാണ് ഇരുഫോണുകളും ബിസിയാകുന്നത്. അല്ലാതെ, ഫോൺ മനപ്പൂർവം ആരും മാറ്റിവെക്കാറില്ല. ജീവനക്കാർ പാതിരാത്രിയും ഫോൺ എടുക്കുന്നു. പക്ഷേ, ആദ്യം കിട്ടുന്നത് തെറിയാണ്. അത് സഹിച്ചും പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ സന്നദ്ധരാണെന്ന്. കെ.എസ്.ഇ.ബി. വിതരണവിഭാഗം കണ്ണൂർ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി. സീതാരാമൻ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad