Header Ads

  • Breaking News

    കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

     


    കൊല്ലം: 

    പുനലൂരില്‍ നവജാത ശിശുവിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം സമുഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.  കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലായിരുന്നു തര്‍ക്കം. ചടങ്ങില്‍, കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാൽ, പ്രകോപിതയായ അമ്മ നയാമിക എന്ന് വിളിക്കുകയും കുഞ്ഞിനെ തട്ടിപ്പറിക്കുകയുമായിരുന്നു. നിരവധി വിമര്‍ശനങ്ങളാണ്, ഈ വീഡിയോയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.


    വീഡിയോ പുറത്തു വന്നതിനു പിന്നാലെ, വിശദീകരണവുമായി കുഞ്ഞിന്റെ അമ്മ വീട്ടുകാർ രംഗത്തെത്തിയിരുന്നു. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ പീഡനമാണെന്നും ഭർത്താവിന്റെ സഹോദരി ആണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ ആരോപിച്ചു. ഇതുകൂടാതെ, വീഡിയോയ്‌ക്കെതിരെ പരാതിയുമായി പിതാവും രംഗത്തെത്തി. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും പിതാവ് പറഞ്ഞിരുന്നു.


    എന്നാല്‍, 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരെ, സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷന്‍. കുഞ്ഞിന്റെ സ്വകാര്യതയെ ഹനിച്ചുവെന്ന പിതാവിന്റെ പരാതി ബാലാവകാശ കമ്മീഷനില്‍ എത്തിയിട്ടില്ലെന്നും, എന്നാല്‍, ലഭിച്ച വീഡിയോയില്‍ കുഞ്ഞിനെ അശ്രദ്ധമായി മാതാപിതാക്കള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമാണെന്നും, ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി ഇന്ത്യടുഡേയോടു പറഞ്ഞു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ്, മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.


    ജില്ലാ പൊലീസ് മേധാവിയോടും സംഭവം നടന്ന സ്ഥലത്തെ എസ്‌എച്ച്‌ഒയോടും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്, ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad