Header Ads

  • Breaking News

    കേരളത്തില്‍നിന്ന് 10 പേര്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍


    തിരുവനന്തപുരം: സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലിസ് മെഡലിന് കേരളത്തില്‍നിന്ന് 10 പോലിസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഐജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ആര്‍ ജയശങ്കര്‍, ഡിവൈഎസ്പിമാരായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ ആര്‍ വേണുഗോപാലന്‍, എം കെ ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് ടി പി ശ്യാംസുന്ദര്‍, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കെ ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എല്‍ ശശികുമാര്‍, എ കെ ഷീബ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ ലഭിച്ചത്.

    ഐജി നാഗരാജു ചക്കിലം നിലവില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണറാണ്. സിബിഐയില്‍ ഡിഐജിയായി ജോലിചെയ്യവെ ബാങ്കിങ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. പോലിസ് ആസ്ഥാനത്തെ ഡിഐജി ആയിരുന്നു. ആലപ്പുഴ ജില്ലാ പോലിസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ടെലി കമ്മ്യൂണിക്കേഷന്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.

    ബി കൃഷ്ണകുമാര്‍ നിലവില്‍ ഇന്റേണല്‍ സെക്യൂരിറ്റി എസ്പി ആണ്. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എക്‌സ്ട്രിമിസ്റ്റ് സെല്ലില്‍ ഡിവൈഎസ്പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സതേണ്‍ റേഞ്ച് എസ്പിയാണ് ആര്‍ ജയശങ്കര്‍. തിരുവനന്തപുരം, കൊല്ലം വിജിലന്‍സ് യൂനിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈഎസ്പിയായി ജോലിനോക്കിയിട്ടുണ്ട്

    ഇടുക്കി അഡീഷനല്‍ എസ്പിയായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു. വിജിലന്‍സ്, നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഡിവൈഎസ്പി ആയി പ്രവര്‍ത്തിച്ചു. 2018 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. കെ ആര്‍ വേണുഗോപാലന്‍ നിലവില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ വിജിലന്‍സ് ഓഫിസറായി ജോലിനോക്കുന്നു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലില്‍ ഡിവൈഎസ്പി ആയിരുന്നു. തൃശൂര്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് എം കെ ഗോപാലകൃഷ്ണന്‍. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിവൈഎസ്പി ആയി ജോലി നോക്കി. 2012 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചു.

    കെഎപി നാലാം ബറ്റാലിയനില്‍ ഡെപ്യൂട്ടി കമാന്‍ഡന്റാണ് ടി പി ശ്യാം സുന്ദര്‍. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ അധികചുമതലയും വഹിക്കുന്നു. എസ്ബിസിഐഡി സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സ്‌റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു.

    സബ് ഇന്‍സ്‌പെക്ടറായ സാജന്‍ കെ ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലിചെയ്യുന്നു. ഏഴ് വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂനിറ്റില്‍ ജോലിനോക്കിയിട്ടുണ്ട്. 2021 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ എല്‍ ശശികുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലിചെയ്യുന്നു. 2009 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിരുന്നു. നിലവില്‍ പുതുക്കാട് പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് എ കെ ഷീബ. 2018 ല്‍ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad