Header Ads

  • Breaking News

    പൊലീസ് യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്ത് എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്: പ്രതിഷേധം


    കോഴിക്കോട്: ഒരു സേവ് ദ ഡേറ്റിൽ കുഴങ്ങി വനിതാ എസ്‌ഐ. കോഴിക്കോട്ടെ ഒരു സബ് ഇൻസ്പെക്ടറുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനിതാ പ്രിൻസിപ്പൽ എസ്.ഐ പൊലീസ് യൂണിഫോമിൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് വിവാദമായത്. ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തിയതിൽ പൊലീസ് സേനയ്ക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്.

    സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. ആദ്യം പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പൊലീസ് യൂണിഫോമിലുള്ള വനിതാ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കടുത്ത അച്ചടക്കലംഘനമാണെന്നാണ് പൊലീസ് സേനയ്ക്കുള്ളിലുള്ളവർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

    2015, ഡിസംബര്‍ 31 ന് ടിപി സെന്‍കുമാര്‍ സംസ്ഥാന ഡിജിപി ആയിരിക്കുമ്പോൾ സമൂഹമാധ്യമങ്ങളില്‍ പോലീസുകാര്‍ വ്യക്തിപരമായ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉത്തരവായി പുറത്തിറക്കിയിട്ടുണ്ട്. പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് ഈ ഉത്തരവിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പൊലീസുകാർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ യൂണിഫോം ധരിച്ച് വ്യക്തിപരമായ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ ചെയ്യുന്ന കാര്യങ്ങൾക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടാകില്ലെന്നും മാർഗനിർദേശത്തിലുണ്ട്.

    വനിതാ പ്രിൻസിപ്പൽ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പൊലീസ് സേനയിൽ അമർഷം ശക്തമാണെങ്കിലും പരസ്യപ്രതികരണവുമായി ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. വനിതാ എസ്ഐയ്ക്കെതിരെ സേനയ്ക്കുള്ളിൽ നിന്ന് ആരെങ്കിലും പരാതി നൽകുമോയെന്ന കാര്യവും വ്യക്തമല്ല. അതേസമയം സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമായ പശ്ചാത്തലത്തിൽ ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും ഇക്കാര്യം മുകളിലേക്ക് റിപ്പോർട്ട് ചെയ്തതായി സൂചനയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad