Header Ads

  • Breaking News

    വാട്സാപ്പിലെ റെഡ് ടിക്കും സര്‍ക്കാര്‍ നിരീക്ഷണവും ? വസ്തുത എന്ത്


    പുതിയ സ്വകാര്യതാ നയത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ കൊഴിച്ചില്‍ വാട്സാപ്പിന് ഉണ്ടാക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല. ഇതിന് പുറമെയാണ് ഇപ്പോള്‍ വാട്സാപ്പിലെ വിവരങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോഡ് ചെയ്യുന്നതായുമുളള വ്യാപക പ്രചാരണം സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞത്. നാളെ മുതല്‍ വാട്സ്‌ആപ്പിനും വാട്സ്‌ആപ്പ് കോള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവണ്‍മെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.... എന്ന രീതിയിലാണ് ഈ സന്ദേശം പ്രചരിച്ചത്. ഇതിന്റെ വസ്തുത എന്താണ് ?

    ഇത് വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്‌ട് ചെക്കും കേരള പൊലീസും വ്യക്തമാക്കുന്നത്. നേരത്തെ 2015ലും 2018ലുമൊക്കെ സമാന മെസേജുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ഇം​ഗ്ലീഷിലും ഇതെ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.


    പ്രചരിച്ച വ്യാജ സന്ദേശം ഇങ്ങനെ

    നാളെ മുതല്‍ വാട്സ്‌ആപ്പിനും വാട്സ്‌ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുകയാണ്. മെസേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുകയും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. മൂന്ന് ബ്ലു ടിക്കുകള്‍ മെസേജിന് കീഴെ വന്നാല്‍ നിങ്ങളുടെ മെസേജ് ​ഗവണ്‍മെന്റ് കണ്ടു, രണ്ട് ബ്ലു ടിക്കും ഒരു റെഡ് ടിക്കുമാണേല്‍ നിങ്ങളുടെ മെസേജ് ​ഗവണ്‍മെന്റ് കാണുകയും ആക്ഷന്‍ എടുക്കുകയും ചെയ്തേക്കാം. ഒരു ബ്ലു ടിക്കും രണ്ട് റെഡ് ടിക്കുമാണേല്‍ നിങ്ങളുടെ ഇന്‍ഫര്‍മേഷന്‍ ​ഗവണ്‍മെന്റ് ചെക്ക് ചെയ്യുന്നു, മൂന്നും റെഡ് ടിക്ക് ആണേല്‍ നിങ്ങള്‍ക്ക് എതിരെയുളള പ്രൊസീഡിം​ഗ്സ് ​ഗവണ്‍മെന്റ് ആരംഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്ക് കോടതിയുടെ സമന്‍സ് എത്തും. വാട്സാപ്പ് മാത്രമല്ല, ഫേസ്ബുക്കും ഇന്‍സ്റ്റ​ഗ്രാമും ട്വിറ്ററും അടക്കം നിരീക്ഷണത്തിലാണ്.

    വസ്തുത

    മെസേജുകള്‍ അയക്കുമ്ബോള്‍ പ്രത്യക്ഷപ്പെടുന്ന വരകളില്‍ ചുവപ്പ് ടിക് ഉള്ളതായി വാട്‌സാപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ രണ്ട് നീല ടിക്കുകളെക്കുറിച്ച്‌ മാത്രമേ വാട്സാപ്പ് അവരുടെ വെബ്സൈറ്റിലെ ഫീച്ചറുകളില്‍ വിശദീകരിക്കുന്നുളളൂ. വാട്സാപ്പിലെ ഒരു ടിക് മാര്‍ക്ക് സൂചിപ്പിക്കുന്നത് മെസേജ് അയക്കപ്പെട്ടു എന്നാണ്. രണ്ട് ടിക്കുകള്‍ നമ്മള്‍ സന്ദേശം അയച്ചയാളുടെ ഫോണില്‍ അത് എത്തിയെന്നാണ്. രണ്ട് ടിക്കുകളും നീലയായി കാണുന്നുണ്ടെങ്കില്‍ മെസേജ് ലഭിച്ചയാള്‍ അത് വായിച്ചെന്നാണ് വ്യക്തമാക്കുന്നത്. വാട്സാപ്പ് വഴി തന്നെ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സംശയവുമായി നിരവധിപേര്‍ രം​ഗത്ത് എത്തിയിരുന്നു. തങ്ങള്‍ക്കും ധാരാളം സന്ദേശങ്ങള്‍ ഇതിനെക്കുറിച്ച്‌ ലഭിച്ചെന്നും അതിനാലാണ് വസ്തുത അറിയിക്കുന്നതെന്നും കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad