Header Ads

  • Breaking News

    കടലിലെ രക്ഷാപ്രവര്‍ത്തനം ഇനി വേഗത്തിലാകും ; രണ്ട് മറൈന്‍ ആംബുലന്‍സ് കൂടി എത്തി

    തിരുവനന്തപുരം : കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ കൂടി എത്തുന്നു. മത്സ്യബന്ധനത്തിനിടെയുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് ഓരോ വര്‍ഷവും നിരവധി മത്സ്യത്തൊഴിലാളികളാണ്   മരണമടയുകയോ കാണാതാവുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ അതിവേഗ രക്ഷാ പ്രവര്‍ത്തനത്തിനാണ് മറൈന്‍ ആംബുലന്‍സ് സംവിധാനം ഒരുക്കുന്നത്.

    പ്രത്യാശ, കാരുണ്യ എന്നീ പേരുകളിലാണ് വ്യാഴാഴ്ച മുതല്‍ മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് ഇതിനായി സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇതില്‍ ആദ്യ മറൈന്‍ ആംബുലന്‍സായ പ്രതീക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റ് രണ്ട് മറൈന്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുള്ള ആംബുലന്‍സില്‍ 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനമുണ്ടാകും.

    കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കോര്‍പ്പറേഷന്‍, മറൈന്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. 18.24 കോടി രൂപയാണ് മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ക്കായി ചെലവായത്. 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് അപകടത്തില്‍പ്പെടുന്ന പത്ത് പേരെ ഒരേ സമയം കിടത്തി കരയിലെത്തിക്കാനാകും. 700 എച്ച്പി വീതമുള്ള രണ്ട് സ്‌കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ടിക്കല്‍ മൈല്‍ സ്പീഡ് ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad