മലപ്പുറത്ത് അമ്മയും 3 മക്കളും തൂങ്ങിമരിച്ച സംഭവം ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
മലപ്പുറം:
നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് കഴിഞ്ഞ ദിവസം അമ്മയും 3 മക്കളും വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുട്ടികളെ കൊണ്ടുപോകുന്നു എന്നും ആണ് കുറിപ്പിലെ വരികള്‍. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം നാല് പേരുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആണ് മൃതദേഹങ്ങള്‍ ഇപ്പോള്‍ ഉള്ളത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യന്‍ (12) അനന്തു (11) അര്‍ജുന്‍( 8) എന്നിവരാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ രഹ്നയുടെ ഭര്‍ത്താവ് വിനേഷ് ഈ സമയം കണ്ണൂര്‍ ഇരിക്കൂറിലായിരുന്നു. ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങിയത്.
കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് ഇവര്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് . വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പൊലീസ് ഉള്ളില്‍ കടന്നത്. 3 കുട്ടികളെ എങ്ങനെ ഒരുമിച്ച് കയറില്‍ കുരുക്കി , കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയിരുന്നോ തുടങ്ങി ആത്മഹത്യ എങ്ങനെ നടന്നു എന്ന കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാകുന്നതോടെ തെളിയും എന്നാണ് പോലീസിന്റെ നിഗമനം.

ليست هناك تعليقات
إرسال تعليق