പഴയങ്ങാടിയിൽ തൊഴിലാളിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ
പഴയങ്ങാടി:
കാറിൽ യാത്ര ചെയ്യുകയായിരുന്ന നിർമാണത്തൊഴിലാളിയെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്തുള്ള വി.കെ. അബ്ദുൾ ഷമീമിനെ (40) ആണ് പഴയങ്ങാടി എസ്.ഐ. കെ.ജെ. മാത്യു അറസ്റ്റ് ചെയ്തു.
ഇയാളെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു.
ഇതു സംബന്ധിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: മാട്ടൂൽ സൗത്തിലെ വി.പി. ഹാരിസിനെ കഴിഞ്ഞ മാസം 21-ന് പഴയങ്ങാടിയിലേക്കുള്ള യാത്രാമധ്യേ ബി.വി. റോഡ് കവലയ്ക്കടുത്തുവെച്ച് ബൈക്കിലും കാറിലുമായി എത്തിയ സംഘം കാറിനു കുറുകെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി.
കാറിൽ തട്ടിക്കൊണ്ടുപോവുകയും ചില പേപ്പറുകളിൽ ഒപ്പിടിവിക്കുകയും ചെയ്തശേഷം ഇദ്ദേഹത്തെ മുനീർ സ്കൂൾ സ്റ്റോപ്പിൽ ഇറക്കിവിട്ടു. തട്ടിക്കൊണ്ടുപോയ കാർ പിന്നീട് കവ്വായിൽവെച്ച് കണ്ടെടുത്തു. ഹാരിസിന്റെ പരാതിയിൽ പഴയങ്ങാടി ഇൻസ്പെക്ടർ എം. രാജേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.
അഞ്ചംഗ പ്രതിപ്പട്ടികയിലുള്ള ക്വട്ടേഷൻ സംഘത്തിലെ സമീർ എന്ന ആളുമായി വീടുനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇതിനു കാരണമെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികളായ സമീർ നെരുവമ്പ്രം, ജംഷീർ മാടായി സദ്ദാം റോഡ്, ഇസ്മയിൽ കണ്ണപുരം, ഷിഹാബ് താവം എന്നിവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

ليست هناك تعليقات
إرسال تعليق