കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടി മരം പിടികൂടി
ഇരിട്ടി :
കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി ഇരിട്ടിയിലേക്ക് പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടി മരം കർണ്ണാടകാ വനം വകുപ്പ് പിടികൂടി. ലോറി ഓടിച്ചിരുന്ന ഇരിട്ടി കീഴൂർകുന്ന് സ്വദേശി സുരേഷ് ബാബു (42 )വിനെ മാക്കൂട്ടം ഡെപ്യൂട്ടി റേഞ്ചർ എച്ച്.ബി. ഉമേഷിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ 8 മണിയോടെ പെരുമ്പാടി വഴി ഇരിട്ടിയിലേക്ക് വരികയായിരുന്ന പച്ചക്കറി കയറ്റിയ ലോറി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ സംശയം തോന്നി പരിശോധിക്കുന്നതിനിടെ മരം കണ്ടെത്തുകയായിരുന്നു. ഹുൻസൂറിൽ നിന്നും പച്ചക്കറി കയറ്റി തിത്തിമത്തിയിൽ നിന്നുമാണ് മരം ലോറിയിൽ കയറ്റിയത് എന്നാണ് പ്രതി മൊഴി നൽകിയത്. 4 ലക്ഷം രൂപ വിലവരുന്ന 13 കഷ്ണം മരമാണ് ലോറിയിൽ ഉണ്ടായിരുന്നത്. വീരാജ്പേട്ട ഗവ. ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق