Header Ads

  • Breaking News

    സമരത്തിന് വിജയം; കണ്ടങ്കാളി അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചു


    പയ്യന്നൂര്‍: 
    കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചു. സമരസമിതിക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, സമരസമിതി പിരിച്ചുവിടില്ലെന്നും നേതാക്കള്‍ അറിയിച്ചു. 
    നിര്‍ദ്ദിഷ്ട പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പയ്യന്നൂരില്‍ തഹസില്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നും, ബി.പി.സി.എല്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കണ്ടങ്കാളി പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നും ജനകീയ സമരസമിതി പ്രവവര്‍ത്തകരുമായി കണ്ണൂര്‍ ഗസ്റ്റ് വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സമരസമിതി ചെയര്‍മാന്‍ ടി.പി പത്മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എന്‍. സുബ്രഹ്മണ്യന്‍, അത്തായി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് പയ്യന്നൂര്‍ ലാന്റ് അക്വിസില്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ 88 ദിവസം നീണ്ടുനിന്ന ജനകീയ സമരസമിതിയുടെ സത്യാഗ്രഹം അവസാനിപ്പിച്ചത്.കഴിഞ്ഞ മൂന്നു വര്‍ഷമായി വ്യത്യസ്തങ്ങളായ സമര പരിപാടികളാണ് സമരസമിതി നടത്തിയത്. വിത, കൊയ്ത്ത്, പയ്യന്നൂര്‍-കണ്ണൂര്‍ കലക്ട്രേറ്റ് പദയാത്ര, മനുഷ്യചങ്ങല, ധര്‍ണകള്‍, മാര്‍ച്ചുകള്‍, പ്രാദേശിക പദയാത്രകള്‍, കണ്‍വെന്‍ഷനുകള്‍, പെണ്ണൊരുമ, തെരുവില്‍ പുത്തരി, അമ്മമാരുടെ നേതൃത്വത്തില്‍ കൂട്ട കത്തയക്കല്‍ സമരം തുടങ്ങി നിരന്തര സമരങ്ങള്‍ നടന്നു. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് ഐക്യദാര്‍ഢ്യ സമിതി പദയാത്ര സംഘടിപ്പിച്ചു. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്‍മാരും സംഘടനകളും സമരത്തെ പിന്തുണച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ലോക്‌സഭയിലും മുഖ്യമന്ത്രിയുടെ മുന്നിലും കണ്ടങ്കാളി സമരം ഉന്നയിച്ച്  സമരത്തോടൊപ്പം നിന്നു. പ്രൊഫ. മാധവ് ഗാഡ്ഗില്‍, ദയാബായി, സന്ദീപ് പാണ്ഡെ, രാജേന്ദ്ര സിംഗ്, പ്രഫുല്ല സാമന്തറ, ചെറുവയല്‍ രാമന്‍, റിദ്ദിമ പാണ്ഡെ, സാഗര്‍ ധാര, അഫ്‌ളാത്തൂണ്‍ ദേശായി, ജി. മധുസൂദനന്‍, ഡോ. ശ്രീകുമാര്‍, ഡോ. സുബ്ബറാവു തുടങ്ങി നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.  പെട്രോളിയം ഭാവിയുടെ ഇന്ധനമല്ലെന്നും പ്രളയാനന്തര കേരളത്തില്‍ വയലും തണ്ണീര്‍ത്തടങ്ങളും കുന്നുകളും ഇല്ലാതാക്കി യുള്ള പദ്ധതികള്‍ ഇനി സാധ്യമല്ലെന്നും, കേന്ദ്രീകൃത പെട്രോളിയം സംഭരണ പദ്ധതി അനാവശ്യമാണെന്നുമായിരുന്നു സമരസമിതി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍. കണ്ടങ്കാളി പദ്ധതി വിദേശ എണ്ണക്കമ്പനികള്‍ക്ക് വേണ്ടിയുള്ള സംരഭമാണെന്നും സമരസമിതി ഒരു വര്‍ഷം മുമ്പ് തന്നെ പറഞ്ഞിരുന്നു. 2018-ല്‍ കണ്ടങ്കാളിയില്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഹിയറിംഗില്‍ പങ്കെടുത്ത 1700 ആളുകളും പദ്ധതിയെ എതിര്‍ത്തിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad