Header Ads

  • Breaking News

    ഇരിക്കൂര്‍ പടിയൂരില്‍ വ്യാപക അക്രമം: 9 ചെങ്കല്‍ ലോറികളും എടിഎം കൗണ്ടറും അക്ഷയ കേന്ദ്രവും വായനശാലയും തകര്‍ത്തു



    ഇരിക്കൂര്‍:

    ഇരിക്കൂര്‍ നഗരത്തിനടുത്തെ പടിയൂരില്‍ സാമൂഹ്യ വിരുദ്ധരുടെ വ്യാപക അക്രമം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒമ്പത് ചെങ്കല്‍ ലോറികളും എടിഎം കൗണ്ടറും അക്ഷയ കേന്ദ്രവും വായനശാലയും സാമുഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പടിയൂര്‍ ടൗണിലെ ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടര്‍, പടിയൂരിലെ സി രമേശന്റെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രം, പടിയൂര്‍ പൊതുജന വായനശാല എന്നിവയുടെ ഗ്ലാസുകളാണ് തകര്‍ത്തത്.

    ഇവിടുന്ന് 500 മീറ്റര്‍ അകലെ പുലിക്കാട് ടൗണില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒമ്പത് ചെങ്കല്‍ ലോറികളും തകര്‍ത്തു. പടിയൂര്‍ സ്വദേശികളായ പ്രകാശന്‍, അജേഷ്, സന്തോഷ്, രജീഷ്, വിനോദ്, രാജീവന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോറികളാണ് തകര്‍ത്തത്.

    വിവിധ സ്ഥലങ്ങളിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറികള്‍ രാത്രി ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ ഡ്രൈവര്‍മാര്‍ ലോറി എടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നതായി അറിഞ്ഞത്. എല്ലാ ലോറികളുടെയും ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.

    വിവരമറിഞ്ഞ് ഇരിക്കൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുലിക്കാട് റോഡരികിലെ വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചപ്പോള്‍ അര്‍ധരാത്രിയോടെ ഒരാള്‍ നടന്ന് പോകുന്നതായി കണ്ടെത്തിയെങ്കിലും ദൃശ്യം വ്യക്തമാകാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമീണ ബാങ്കിന്റെ എടിഎം കൗണ്ടറിലെ സിസിടിവി പരിശോധനയിലൂടെ അക്രമിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അക്രമം നടന്ന സ്ഥലങ്ങളില്‍ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇരിക്കൂര്‍ പൊലിസ് കേസെടുത്ത് അന്വോണമാരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad